1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2017

സ്വന്തം ലേഖകന്‍: ചതുര്‍ രാഷ്ട്ര യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി നരേന്ദ്ര മോദി ജര്‍മ്മനിയിലെത്തി, ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി. തന്റെ സന്ദര്‍ശനം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ പുതിയ അധ്യായം കുറിക്കുമെന്ന് പ്രധാന മന്ത്രി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. അംഗലാ മെര്‍കലുമായി നടന്ന കൂടിക്കാഴ്ചയില്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനം, ശാസ്ത്രസാങ്കേതിക വിഷയങ്ങള്‍, ഗ്രാമവികസനം, റെയില്‍ വ്യോമയാന വികസനം, പാരമ്പര്യേതര ഊര്‍ജം, ആരോഗ്യം എന്നീ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായതായാണ് സൂചന. മെര്‍ക്കലുമായുള്ള കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ആറു ദിവസം നീണ്ടുനില്‍ക്കുന്ന വിദേശയാത്രയില്‍ സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. ര്‍മന്‍ സന്ദര്‍ശനത്തിനു ശേഷം മോദി സ്‌പെയിലെത്തും. രാജീവ് ഗാന്ധിക്കു ശേഷം സ്‌പെയിന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണു മോദി. രാജാവ് ഫെലിപ് നാലാമനുമായും പ്രധാനമന്ത്രി മാരിയാനോ റജോജിയുമായും മോദി ചര്‍ച്ചകള്‍ നടത്തും. ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ ഇരുരാജ്യങ്ങളും സഹകരിക്കാന്‍ ധാരണയായേക്കും.

31നു മോദി റഷ്യയിലെത്തും. പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി വ്യാപാര, നിക്ഷേപ മേഖലകളില്‍ ചര്‍ച്ചനടത്തും. റഷ്യഇന്ത്യ ഉച്ചകോടിയിലും സെന്റ് പീറ്റേഴ്‌സ് രാജ്യാന്തര സാമ്പത്തിക ഫോറത്തിലും അദ്ദേഹം പങ്കെടുക്കും. റഷ്യന്‍ സംരംഭകരുമായി കൂടിക്കാഴ്ച സംഘടിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 2,3 തീയതികളില്‍ മോദി ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി ചര്‍ച്ച നടത്തും. ഈ രാഷ്ട്രങ്ങളുമായി സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തല്‍, ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കല്‍ തുടങ്ങിയവ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.