1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2019

സ്വന്തം ലേഖകന്‍: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെ പിന്തുണച്ച് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ പിന്തുണച്ചത്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹന്‍ലാലിന്റെ വാദം ശരിയെന്നാണ് ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചതെന്നും വനം വകുപ്പ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ആനക്കൊമ്പ് കൈവശം വച്ചതിനു മോഹന്‍ലാലിനെതിരെ തുടര്‍ നടപടി വേണ്ടെന്നും സ്വകാര്യ ഹര്‍ജി തള്ളണമെന്നും വനംവകുപ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. മോഹന്‍ലാല്‍ അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചെന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വനംവകുപ്പിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിലാണ് വനം വകുപ്പ് വിശദീകരണം നല്‍കിയത്.

ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാന്‍ മോഹന്‍ലാലിന് മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോള്‍ കുറ്റകൃത്യം നടന്നിരുന്നില്ലേ എന്നും കുറ്റകൃത്യം കണ്ടെത്തിയ ശേഷം എങ്ങനെ നിയമ സാധുത നല്‍കാനാവുമെന്നും കോടതി ചോദിച്ചു.

കേസില്‍ മോഹന്‍ലാലിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി. ആനക്കൊമ്പ് കൈവശം വച്ച നടപടി വനംവന്യജീവി നിയമത്തിലെ സെക്ഷന്‍ 31 ന്റെ ലംഘനമാണന്നും കോടതി വ്യക്തമാക്കി. കേസിലുള്‍പ്പെട്ട ശേഷം ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മുഖ്യവനപാലകന്‍ നിയമസാധുത നല്‍കിയതിനെ കുറിച്ച് വനം വകുപ്പ് വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞിരുന്നു.

മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതിനെതിരെ ആലുവ സ്വദേശി എ.എ.പൗലോസ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള അനുമതി റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. അനധികൃതമായി ആനക്കൊമ്പ് കൈവശം വയ്ക്കുന്നത് 3 വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല