1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2019

സ്വന്തം ലേഖകന്‍: 80 കളില്‍ തിയറ്ററുകളില്‍ നിറഞ്ഞോടിയ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ പലതും ഡെന്നിസ് ജോസഫിന്റെ പേനത്തുമ്പില്‍ പിറന്നവയായിരുന്നു. മോഹന്‍ലാലിലെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ത്തിയ രാജാവിന്റെ മകന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, അപ്പു, ഇന്ദ്രജാലം എന്നിവയെല്ലാം ആ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റുകളാണ്. അപ്പു എന്ന ചിത്രത്തിന് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു വലിയ ചിത്രം താന്‍ പ്ലാന്‍ ചെയ്തിരുന്നതായി ഡെന്നിസ് ജോസഫ് പറയുന്നു. സംവിധായകന്‍ പദ്മരാജനായിരുന്നു ആ സിനിമയില്‍ മോഹന്‍ലാലിന്റെ വില്ലന്‍.

‘ഒരു വലിയ സംഗീതജ്ഞന്‍ അമേരിക്കയില്‍ കച്ചേരിക്ക് പോകുന്നതും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ തിരോധാനവും ഒക്കെയായിരുന്നു ഇതിവൃത്തം. സംഗീതജ്ഞനെ തേടിപോകുന്ന കൊച്ചുമകനായി മോഹന്‍ലാലും. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായിട്ടും ആ സിനിമ യഥാര്‍ത്ഥ്യമായില്ല,’ ഡെന്നിസ് ജോസഫ് പറയുന്നു.

‘പ്രസിദ്ധ സംഗീതജ്ഞരെ പീഡിപ്പിച്ചും തടവിലിട്ടും അവരെ മറ്റ് രീതിയില്‍ ബ്‌ളാക്ക് മെയില്‍ ചെയ്തും അവരുടെ സൃഷ്ടികള്‍ സ്വന്തമാക്കി വിജയിക്കുന്ന ഒരു ക്രിമിനല്‍ ജീനിയസിന്റെ കഥയാണ് ഞാന്‍ എഴുതിയത്. മുത്തച്ഛന്റെ വേഷത്തില്‍ ആദ്യം നെടുമുടി വേണുവിനെയാണ് ഉദ്ദേശിച്ചതെങ്കിലും പിന്നീട് സുബിന്‍ മേത്തയെ പോലൊരാള്‍ വേണമെന്ന് തോന്നി. ഇന്ത്യന്‍ വംശജനായ പാശ്ചാത്യ സംഗീതജ്ഞന്‍.

500 പീസ് ഓര്‍ക്കസ്ട്രയൊക്കെ വച്ച് ഭീകരമായി സംഗീതം ഒരുക്കുന്നു. ഒരു ക്രിമിനല്‍ ജീനിയസ്. ആ റോളില്‍ ആരെ അഭിനയിപ്പിക്കും എന്ന് ആശങ്കയായി. അവസാനം ഒരാള്‍ മനസിലെത്തി. തീരുമാനം സെവന്‍ ആര്‍ട്‌സ് വിജയകുമാറിനോട് പറഞ്ഞു. വിജയകുമാറിനും സന്തോഷമായി. അദ്ദേഹം സമ്മതിക്കുമെങ്കില്‍ ഓകെ എന്നു പറഞ്ഞു. ഞാന്‍ മനസില്‍ കണ്ടത് പദ്മരാജനെയായിരുന്നു. അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞപ്പോള്‍, പപ്പേട്ടന് ആദ്യം തമാശ തോന്നി പിന്നീട് സമ്മതിച്ചു.’

‘ഒരു ദിവസം പപ്പേട്ടന്‍ എന്നെ വിളിച്ചു. എനിക്ക് രാത്രിയില്‍ കിടന്നിട്ട് ഉറക്കം വരുന്നില്ല. അഭിനയിക്കണം എന്ന് നീ പറഞ്ഞപ്പോള്‍ ആദ്യം സമ്മതിച്ചെങ്കിലും പിന്നെ ഒരു സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട റോള്‍ ആദിമധ്യാന്തം ഉള്ള ഒരു വില്ലന്‍ റോള്‍ അഭിനയിക്കുക എന്നു പറഞ്ഞാല്‍ പേടി തോന്നുന്നു. എന്നെ ഒഴിവാക്കണം എന്നു പറഞ്ഞു.’

‘ഞങ്ങള്‍ നിരാശരായി വേറെ ആളെ നോക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആ സിനിമ നടന്നില്ല. എന്റെ സിനിമയ്ക്ക് കുറച്ചുകൂടി വിപുലമായ സൗകര്യങ്ങള്‍ വേണം. അത്ര സൗകര്യം ഒരുക്കിയെടുത്ത് അമേരിക്കയില്‍ സിനിമ ചെയ്യാന്‍ നിര്‍മ്മാതാവിന്റെ സ്ഥിതിയും സന്നാഹവും പോരാതെ വന്നു. ആ പ്രോജക്ട് അങ്ങനെ ഉപേക്ഷിച്ചു,’ ഡെന്നിസ് ജോസഫ് ഓര്‍ക്കുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല