1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2016

സ്വന്തം ലേഖകന്‍: ‘അമ്മേ, ഞാന്‍ മരിക്കാന്‍ പോകുന്നു’, ഫ്‌ലോറിഡയിലെ വെടിവപ്പു നടന്ന നിശാക്ലബില്‍ നിന്ന് മകന്‍ അയച്ച സന്ദേശങ്ങളുമായി ഒരമ്മ. പുലര്‍ച്ചെ രണ്ടു മണി കഴിയുമ്പോഴാണ് മിനാ ജസ്റ്റിസിന്റെ മൊബൈലിലേക്ക് മകന്‍ എഡ്ഡിയുടെ സന്ദേശമെത്തിയത്. ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന മിനാ കണ്ടത് മമ്മീ ഐ ലവ് യു എന്ന സന്ദേശം. ഉടന്‍ തന്നെ ക്ലബ്ബില്‍ വെടിവെപ്പ് നടക്കുന്നു എന്ന മകന്റെ അടുത്ത സന്ദേശവുമെത്തി. ചാടിപ്പിടഞ്ഞെഴുന്നേറ്റ മിന മകനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ എഡ്ഡി തയ്യാറായില്ല.

അതോടെ എസ്.എം.എസ് മാത്രമായി അമ്മയ്ക്കും മകനുമിടയ്ക്കുള്ള ആശയവിനിമയത്തിനുള്ള ഏക മാര്‍ഗം. മകന്റെ സുരക്ഷിതത്വം അന്വേഷിച്ച മിനയോട് താന്‍ ബാത്ത്‌റൂമില്‍ അകപ്പെട്ടിരിക്കുകയാണെന്നാണ് എഡ്ഡി മറുപടി നല്‍കി. ഏത് ക്‌ളബ്ബെന്ന മിനയുടെ ചോദ്യത്തിന് മറുപടിയായി പള്‍സ്, ഡൗണ്‍ ടൗണ്‍ എന്നും ഞാന്‍ മരിക്കാന്‍ പോകുകയാണെന്നും എഡ്ഡിയുടെ മറുപടിയെത്തി. അപ്പോള്‍ സമയം പുലര്‍ച്ചെ 2.08.

മകന്റെ നിര്‍ദ്ദേശപ്രകാരം മിന 911 എന്ന അത്യാവശ്യ നമ്പര്‍ ഉപയോഗിച്ച് പോലീസിനെ വിളിക്കുന്നു. കുറേനേരത്തേക്ക് മകന്റെ സന്ദേശങ്ങള്‍ ലഭിക്കാതായതോടെ മിന ആകെ അസ്വസ്ഥയായി. കുറെക്കഴിഞ്ഞ് അക്രമി തന്റെ അരികിലെത്തി എന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ എഡ്ഡി അമ്മയുടെ മെബൈലിലേക്ക് അയച്ചു. അയാള്‍ എത്തി. ഞാന്‍ മരിക്കാന്‍ പോവുന്നു. അയാള്‍ ഒരു തീവ്രവാദിയാണ് തുടങ്ങിയ സന്ദേശങ്ങളാണ് എഡ്ഡി അയച്ചത്. അതായിരുന്നു മിനയ്ക്ക് അവസാനമായി മകനില്‍ നിന്ന് ലഭിച്ച വിവരം. പിന്നീട് എഡ്ഡിയില്‍ നിന്ന് സന്ദേശങ്ങളൊന്നും തന്നെ ലഭിച്ചില്ല. അപ്പോള്‍ സമയം 2.50.

ഒടുവില്‍ എഡ്ഡിയേ തിരഞ്ഞ് കുടുംബാംഗങ്ങള്‍ ആക്രമം നടന്ന ഡൗണ്‍ ടൗണിലെ പള്‍സ് ക്ലബ്ബിന് മുന്നില്‍ കാത്തിരിക്കുകയാണ്. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ കൂട്ടത്തില്‍ എഡ്ഡിയുടെ പേരില്ല. എന്നാല്‍ മകന്റെ വിവരങ്ങള്‍ ഒന്നും തന്നെ ലഭിക്കുന്നുമില്ല. അരുതാത്തതൊന്നും സംഭവിക്കരുതേയെന്ന പ്രാര്‍ഥനയിലാണ് മിനായും ബന്ധുക്കളും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.