1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2016

സ്വന്തം ലേഖകന്‍: ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിന് എറണാകുളത്ത് വിദ്യാര്‍ഥിനിക്ക് മധ്യവയസ്‌കയുടെ ശകാരവര്‍ഷം, സ്ത്രീയെ പരസ്യമായി മാപ്പു പറയിച്ച് വിദ്യാര്‍ഥിനി. മലയാളി സംസ്‌ക്കാരത്തിന് ചേരാത്ത വേഷമാണെന്ന് പറഞ്ഞ് നിയമ വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക ഒടുവില്‍ പോലീസ് സ്‌റ്റേഷനില്‍ മാപ്പ് പറഞ്ഞ് തടിയൂരി. എറണാകുളത്ത് ഏതാനും ആഴ്ചകള്‍ക്ക മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് നിയമ വിദ്യാര്‍ഥിനി ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

എറണാകുളം ലോകോളേജിന്റെ അരികിലുള്ള ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് വിദ്യാര്‍ഥിനിക്ക് ദുരനുഭവം ഉണ്ടായത്. ടി ഷര്‍ട്ടും ജീന്‍സും ആയിരുന്നു വിദ്യാര്‍ഥിനിയുടെ വേഷം. പ്രഭാത ഭക്ഷണം കഴിക്കാന്‍ കയറിയ വിദ്യാര്‍ത്ഥിനി റസ്‌റ്റോറന്റില്‍ തന്റെ അദ്ധ്യാപികയുമായി സംസാരിച്ചു കൊണ്ടിരിക്കെ അവിടേയ്ക്ക് കയറിവന്ന മദ്ധ്യവയസ്‌ക്ക മോശമായി പെരുമാറുകയായിരുന്നു. അരികിലേക്ക് എത്തിയ സ്ത്രീ നീ മലയാളിയാണോ എന്ന് ചോദിച്ചു. ഒരു അപരിചിതയുടെ ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കേണ്ടതില്ല എന്നതു കൊണ്ട് അവരെ അവഗണിച്ചു. എന്നാല്‍ വിടാന്‍ കൂട്ടാക്കാതിരുന്ന അവര്‍ ഹരിതയുടെ വേഷത്തെക്കുറിച്ച് ഉച്ചത്തില്‍ മോശമായി സംസാരിച്ചു.

റെസ്‌റ്റോറന്റിന്റെ നടത്തളത്തില്‍ എത്തി സ്ത്രീ വിദ്യാര്‍ത്ഥിനിയുടെ വേഷത്തെ രൂക്ഷമായി വിമര്‍ശിച്ച സ്ത്രീ ഒതുക്കമുള്ള പെണ്ണുങ്ങള്‍ ഇടേണ്ട വസ്ത്രമല്ല ഇട്ടിരിക്കുന്നതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ”എല്ലാവരും നോക്കിക്കേ ഈ പെണ്‍കുട്ടിയുടെ വേഷം നമ്മുടെ സംസ്‌ക്കാരത്തിന് ചേരുന്നതാണോ എന്ന് നോക്കാന്‍ പറഞ്ഞ അവര്‍ ഇവളൊരു മലയാളി അല്ലായിരുന്നെങ്കില്‍ നമുക്ക് വിടാമായിരുന്നു’ എന്നും പറഞ്ഞു.

ആക്ഷേപിക്കലായി ആദ്യം തോന്നിയെങ്കിലൂം സദാചാര പോലീസിംഗ് ആണെന്ന് മനസ്സിലായതോടെ വിദ്യാര്‍ത്ഥിനി പ്രതികരിക്കാന്‍ തയ്യാറായി. തന്റെ വേഷം ശരീരപ്രദര്‍ശനത്തിന്റെ കാര്യത്തില്‍ സാരിയേക്കാള്‍ മെച്ചം അല്ലേ എന്ന് തിരിച്ചടിച്ചു. ഇതിനിടയില്‍ വിദ്യാര്‍ത്ഥിനിയ്‌ക്കൊപ്പം അനേകര്‍ കൂടുകയും ചെയ്തു. വേഷം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവിടെ നിന്നും മാറി നില്‍ക്കണമെന്ന് ചിലര്‍ സ്ത്രീയോട് പറയുകയും ചെയ്തു. വിദ്യാര്‍ത്ഥിനിയെ പിന്തുണച്ച് അനേകര്‍ വന്നതോടെ ഇവളെ പിടിച്ച പോലീസില്‍ കൊടുക്കുകയാണ് വേണ്ടതെന്ന് സ്ത്രീ ആക്രോശിച്ചു. എന്നാല്‍ അത് തന്നെ നടക്കട്ടെ എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയും നിലപാട് എടുത്തു.

ഇതിനിടയില്‍ ആളു കൂടുകയും എല്ലാവരും വിദ്യാര്‍ത്ഥിനിയെ പിന്തുണയ്ക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ സ്ത്രീ ഓട്ടോറിക്ഷ പിടിച്ച് മുങ്ങാന്‍ നോക്കി. കൂട്ടത്തില്‍ വിദ്യാര്‍ത്ഥിനിയും ചാടിക്കയറുകയും തര്‍ക്കത്തിനൊടുവില്‍ സ്‌റ്റേഷനിലേക്ക് പോകാമെന്ന് സ്ത്രീയ്ക്ക് സമ്മതിക്കേണ്ടിയും വന്നു. സ്‌റ്റേഷനില്‍ ഇന്‍സ്‌പെക്ടര്‍ക്ക് മുന്നില്‍ ഇവര്‍ ആദ്യം നടത്തിയ ചോദ്യവും സാറെ ഈ പെണ്‍കുട്ടിയുടെ വേഷം കണ്ടിട്ട് എന്തു തോന്നുന്നു എന്നായിരുന്നു. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥരും പെണ്‍കുട്ടിയുടെ മാതാവും ഈ ചോദ്യം തിരിച്ചു ചോദിച്ചു നാണം കെടുത്തി. ഒടുവില്‍ പൊതുമാപ്പ് പറഞ്ഞതിന്റെ പേരില്‍ കേസെടുക്കാതെ സ്ത്രീയെ വിടുകയായിരുന്നു.

പാശ്ചാത്യ ശൈലിയില്‍ വസ്ത്രം ധരിച്ചാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ തുറിച്ച് നോക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഈ രീതിയില്‍ സദാചാര പോലീസിംഗിന് താന്‍ ഇതുവരെ വിധേയയായിട്ടില്ലെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. അതേസമയം സാധാരണഗതിയില്‍ ധരിക്കുന്നത് പോലെയുള്ള സ്ലീവ്‌ലെസ് ടോപ്പ് ആയിരുന്നില്ല ധരിച്ചിരുന്നത്. ഒരു മാസം മുമ്പ് നടന്ന സംഭവമായിരുന്നു എങ്കിലും സാമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ പോസ്റ്റ് വൈറലായി മാറുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.