1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2019

സ്വന്തം ലേഖകന്‍: 2500 വര്‍ഷം പഴക്കമുള്ള ഈജിപ്ഷ്യന്‍ മമ്മിയുടെ ശവപ്പെട്ടി തുറക്കുന്നത് ലൈവായി സംപ്രേക്ഷണം ചെയ്ത് ഡിസ്‌ക്കവറി. ഡിസ്‌കവറി ട്രാവല്‍ ചാനലിലും സയന്‍സ് ചാനലിലുമായിരുന്നു ലോകത്ത് ഇതാദ്യമായി ഒരു മമ്മിയുടെ ശവക്കല്ലറ ലൈവായി തുറക്കുന്ന രംഗങ്ങള്‍ കാണിച്ചത്. ഏപ്രില്‍ 7നായിരുന്നു സംഭവം.

ഈജിപ്തില്‍ നടന്ന പല രാഷ്ട്രീയ സമരങ്ങളെക്കുറിച്ചും കൊച്ചുകൂട്ടുകാര്‍ അറിഞ്ഞു കാണുമല്ലോ? എന്നാല്‍ ഇപ്പോള്‍ അവിടെ സ്ഥിതി ശാന്തമാണ്. എന്നാലും ടൂറിസ്റ്റുകള്‍ക്ക് ഇപ്പോളും രാജ്യത്തേക്കു വരാന്‍ ചെറിയൊരു മടി. അതോടെ ടൂറിസം വഴിയുള്ള സര്‍ക്കാരിന്റെ വരുമാനവും കുറഞ്ഞു. അങ്ങനെയിരിക്കെയാണ് ലൈവായി ശവപ്പെട്ടി തുറക്കാമെന്ന ആശയം സര്‍ക്കാരിനു മുന്നിലെത്തുന്നത്. പുരാവസ്തുഗവേഷണ മന്ത്രാലയം അതിന് അനുമതിയും നല്‍കി.

‘എക്‌സ്‌പെഡിഷന്‍ അണ്‍നോണ്‍: ഈജിപ്ത് ലൈവ്’ എന്ന പേരില്‍ പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തു. എന്തായാലും സംഗതി വന്‍ ഹിറ്റായി. ദശലക്ഷക്കിനു പേരാണ് ഈ കല്ലറ തുറക്കലിന്റെ വിഡിയോ ദൃശ്യങ്ങള്‍ കണ്ടത്. പുറത്തേക്കു വന്ന ദൃശ്യങ്ങളാകട്ടെ ഏറെ അമ്പരപ്പിക്കുന്നതും. ഇന്നേവരെ കാണാത്ത കാഴ്ചകള്‍ വരെയുണ്ടായിരുന്നു അതില്‍.

മൃതദേഹം മാത്രം പ്രതീക്ഷിച്ച ലോകത്തിനു മുന്നിലേക്കെത്തിയത് ഒരു ‘നിധി’പേടകമായിരുന്നു. ഈജിപ്തില്‍ ഒട്ടേറെയിടങ്ങളില്‍ നിന്നു പേടകങ്ങള്‍ കുഴിച്ചെടുത്തിട്ടുണ്ട് ഗവേഷകര്‍. ഓരോ ഇടത്തിനും ഓരോ പേരും നല്‍കിയിട്ടുണ്ട്. അല്‍–ഗോരിഫ് എന്ന സ്ഥലത്തു നിന്നു കണ്ടെത്തിയ ശവപ്പെട്ടിയാണ് ലൈവിന് വേണ്ടി ഉപയോഗിച്ചത്. കല്ലറയുടെ ആഴങ്ങളില്‍ നിന്നായിരുന്നു ഇതു കണ്ടെത്തിയത്. അതിസൂക്ഷ്മമായി മുദ്രവച്ച നിലയിലായിരുന്നു ശവപ്പെട്ടി.

ഇതിന്റെ കവചത്തിനാകട്ടെ അസാധാരണമായ ഭാരവും. പലതരത്തിലുള്ള കൊത്തുപണികളും കവചത്തിലെ കല്ലില്‍ നടത്തിയിരുന്നു. ഇത് ഉയര്‍ത്തിമാറ്റിയതോടെ കണ്ടത് ലിനന്‍ തുണിയില്‍ പൊതിഞ്ഞ മമ്മിയുടെ മൃതദേഹം. അതാകട്ടെ കാര്യമായ കേടുപാടുകളൊന്നും സംഭവിക്കാത്ത നിലയിലും. പെട്ടിക്കകത്ത് നിറയെ സ്വര്‍ണം കൊണ്ടുള്ള കരകൗശലവസ്തുക്കളും മറ്റ് അമൂല്യ വസ്തുക്കളുമായിരുന്നു. മമ്മിയോടു ചേര്‍ന്നു തന്നെ സ്വര്‍ണത്തില്‍ പൊതിഞ്ഞ ഒരു ദൈവ രൂപവും ഒരു വണ്ടിന്റെ പ്രതിമയും ഉണ്ടായിരുന്നു. ഏറെ പ്രധാന്യത്തോടെയായിരുന്നു ഈ ശവപ്പെട്ടി കല്ലറയില്‍ സൂക്ഷിച്ചിരുന്നത്.

പുരാതന ഈജിപ്തിലെ മാന്ത്രിക വിദ്യകളുടെ ദൈവമായ തോത്തിനെ ആരാധിച്ചിരുന്ന പുരോഹിതന്റേതാകാം മമ്മിയെന്നാണു കരുതുന്നത്. ഈജിപ്തിലെ 26–ാം രാജവംശത്തിന്റെ കാലത്തായിരിക്കാം ജീവിച്ചിരുന്നതെന്നും കരുതുന്നു. പുരോഹതിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ശവപ്പെട്ടികള്‍ നേരത്തേ തന്നെ തുറന്നിരുന്നു. രണ്ട് മമ്മികളും ഒരു വളര്‍ത്തു നായയുടെ മമ്മിയുമാണ് അന്നു ലഭിച്ചത്.

മമ്മികളിലൊന്ന് ഒരു യുവതിയുടേതായിരുന്നു. അലങ്കാരപ്പണികള്‍ നടത്തിയ മുഖംമൂടിയും മുത്തുകളുമെല്ലാം നിറഞ്ഞതായിരുന്നു യുവതിയുടെ മമ്മി. മൃതദേഹങ്ങളില്‍ നിന്നുള്ള ആന്തരികാവയവങ്ങള്‍ അടക്കം ചെയ്ത പ്രത്യേകം ജാറുകളും കണ്ടെത്തിയവയില്‍പ്പെടുന്നു. ഇവയേക്കാളെല്ലാം ഉപരിയായി ഒരു മെഴുകുപ്രതിമ കണ്ടെത്തിയതാണ് പുരാവസ്തു ഗവേഷകരെയും അമ്പരപ്പിച്ചത്. ഈജിപ്തിലെ ഒരു കല്ലറയിലും ശവപ്പെട്ടിയിലും ഇത്തരം പ്രതിമകള്‍ ഇന്നേവരെ കണ്ടെത്തിയിട്ടില്ല.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.