1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2020

സ്വന്തം ലേഖകൻ: നിരവധി പേരെ കൊന്ന ശേഷം പരോളിലിറങ്ങി മുങ്ങിയ ഉത്തർപ്രദേശ് സ്വദേശിയായ ആയുർവേദ ഡോക്ടറെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്. നൂറോളം പേരെയാണ് ‘ഡെത്ത് ഡോക്ടർ’ എന്നറിയപ്പെടുന്ന ‘ദേവേന്ദ്ര (62) കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇയാൾ വീണ്ടും പൊലീസിന്റെ പിടിയിലായി. ഇയാൾക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

ബിഹാറിവെ സിവാനിൽ നിന്ന് ബിഎഎംഎസ് ബിരുദം നേടിയ ഇയാൾ 1984 ൽ ജയ്പൂരിൽ സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചു. ഇത് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വന്നതോടെയാണ് പല തട്ടിപ്പുകളും നടത്തിയത്. 1992 ൽ ഗ്യാസ് ഡീലർഷിപ് സ്വന്തമാക്കാൻ മുടക്കിയ 11 ലക്ഷം ദേവേന്ദ്രയ്ക്ക് നഷ്ടമായി.

ഇതിന് പിന്നാലെ 1995ൽ ഇയാൾ സ്വന്തമായി ഒരു ഗ്യാസ് ഏജൻസി തന്നെ തുടങ്ങി. നഷ്ടപ്പെട്ട പതിനൊന്ന് ലക്ഷം അതേ മാർഗത്തിലൂടെ തിരിച്ചു പിടിക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് ആദ്യ കൊലപാതകം അരങ്ങേറിയത്. ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി ഡ്രൈവറെ കൊലപ്പെടുത്തി സിലിണ്ടറുകൾ തട്ടിയെടുത്തു. ഇത് പിന്നീട് തുടർന്നു. ഇത്തരത്തിൽ അൻപതോളം കൊലപാതകം ഇയാൾ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ഗ്യാസ് ഏജൻസി തുടങ്ങുന്നതിന് ഒരു വർഷം മുൻപ്, 1994 ൽ ജയ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കിഡ്‌നി തട്ടിപ്പ് സംഘത്തിനൊപ്പവും ഇയാൾ പ്രവർത്തിച്ചിരുന്നു. സംഘാംഗങ്ങളുമായി ഇയാൾ അടുത്ത ബന്ധം പുലർത്തി. ഗുരുദ്രാം, ബല്ലഭ്ഗഡ് തുടങ്ങിയ പല സ്ഥലത്തും ഈ സംഘത്തിന് ബന്ധങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദേവേന്ദ്ര 2004 ൽ അറസ്റ്റിലായി.

1994 മുതൽ 2004 വരെയുള്ള കാലയളവിൽ 125 അനധികൃത വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് കൂട്ടു നിന്നിട്ടുണ്ടെന്നാണ് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്. ഓരോ ഇടപാടിലും അഞ്ച് മുതൽ ഏഴ് ലക്ഷം വരെ സ്വന്തമാക്കി. 2001ൽ വീണ്ടും വ്യാജ ഗ്യാസ് ഏജൻസി തുടങ്ങിയെങ്കിലും പിടിക്കപ്പെട്ടു. തുടർന്ന് 2003ൽ ജയ്പൂരിൽ എത്തി വീണ്ടും ക്ലിനിക്ക് തുടങ്ങി. ഇതിനിടെയാണ് ടാക്‌സി ഡ്രൈവർമാരെ കൊല്ലുന്നതും മൃതദേഹം മുതലയ്ക്ക് ഇട്ടുകൊടുക്കുന്നതും.

കിഡ്‌നി തട്ടിപ്പ് സംഘാംഗങ്ങളുടെ കൂട്ടുപിടിച്ചായിരുന്നു ഇയാൾ ടാക്‌സി ഡ്രൈവർമാരെ കൊന്നിരുന്നത്. കാർ തട്ടിയെടുത്ത് മറിച്ച് വിൽക്കുകയായിരുന്നു ലക്ഷ്യം. ടാക്‌സി കാറുകൾ വാടകയ്‌ക്കെടുത്ത ശേഷം ഡ്രൈവർമാരെ കഴുത്ത് ഞെരിച്ച് കൊല്ലും. മൃതദേഹം ഖഷ്ഗഞ്ചിലെ ഹസാര കനാലിൽ തള്ളുകയായിരുന്നു പതിവ്. മുതലയുള്ള കനാലിൽ നിന്നു ശരീരം കണ്ടെത്തുക പ്രയാസമാണ് എന്നതായിരുന്നു ഇതിനു കാരണം. പിന്നീട് കാർ വിൽക്കുകയും ഇതിലൂടെ ലഭിക്കുന്ന പണം വീതിച്ചെടുക്കുകയും ചെയ്യും.

ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലായാണ് ദേവേന്ദ്ര കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്. കൊലപാതക കേസിൽ സെൻട്രൽ ജയിൽ കഴിയവേയാണ് ജനുവരിയിൽ 20 ദിവസത്തെ പരോളിൽ ഇറങ്ങി മുങ്ങിയത്. തുടർന്ന് പിടിക്കപ്പെട്ടതോടെയാണ് ഇയാൾക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ പൊലീസ് തീരുമാനിച്ചത്. ദേവേന്ദ്രയ്‌ക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കുമെന്നും അന്വേഷണ സംഘം പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.