1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2015

സ്വന്തം ലേഖകന്‍: മ്യാന്‍മര്‍ പൊതു തിരഞ്ഞെടുപ്പില്‍ ആങ് സാന്‍ ഷൂചിയുടെ പാര്‍ട്ടിക്ക് മുന്നേറ്റം, മൂന്നില്‍ രണ്ട് ഭൂരിപക്ഷം. ജനാധിപത്യ പ്രവര്‍ത്തകയും നോബല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂചി നേതൃത്വം നല്‍കുന്ന നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) അധികാരത്തിലെത്തുമെന്ന് ഇതോടെ ഏതാണ്ട് ഉറപ്പായി.

80 ശതമാനം സീറ്റുകളുടെ ഫലം പുറത്തുവന്നപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി എന്‍എല്‍ഡി വന്‍ മുന്നേറ്റം നടത്തി. എന്നാല്‍ നിലവിലെ ഭരണഘടന പ്രകാരം പാര്‍ട്ടി അധികാരത്തിലേറിയാലും സൂചിക്ക് പ്രസിഡന്റാകാന്‍ കഴിയില്ല. ജൂണില്‍ പുതുക്കിയ ഭരണഘടന പ്രകാരം വിദേശ പൗരത്വമുള്ള ബന്ധുക്കള്‍ ഉള്ളവര്‍ക്ക് പ്രസിഡന്റ് സ്ഥാനത്ത് എത്താനാവില്ല. സൂചി പ്രസിഡന്റാകുന്നത് തടയാന്‍ വേണ്ടി മാത്രമാണ് മ്യാന്‍മറില്‍ ഭരണഘടന പരിഷ്‌കരിച്ചത്. സൂചിയുടെ രണ്ട് മക്കളും ഭര്‍ത്താവും ബ്രിട്ടീഷ് പൗരന്മാരാണ്.

മ്യാന്‍മറിലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു എന്നും ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം അധികാരം കൈമാറാന്‍ ഒരുക്കമാണെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സര്‍ക്കാരുമായി എല്ലാത്തരത്തിലും സഹകരിക്കുമെന്നും അവര്‍ പറഞ്ഞു.

മ്യാന്‍മറില്‍ പ്രസിഡന്റാകാന്‍ സാധിക്കില്ലെങ്കിലും അതിലും വലുതായിരിക്കും തന്റെ സ്ഥാനമെന്നും സൂചി വ്യക്തമാക്കി. അരനൂറ്റാണ്ട് കാലത്തെ സൈനിക ഭരണത്തിനു ശേഷമാണ് മ്യാന്‍മറില്‍ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.

2011 മുതല്‍ പട്ടാള പിന്തുണയോടെ ഭരണത്തിലുള്ള തൈന്‍ സൈന്‍ ആയിരുന്നു സൂചിയുടെ മുഖ്യ എതിരാളി. എന്നാല്‍ 25 ശതമാനം സീറ്റ് പട്ടാളത്തിന് നാമനിര്‍ദേശം ചെയ്യാമെന്നതിനാല്‍ ഭാവിയില്‍ പട്ടാളം ഭരണത്തില്‍ കൈകടത്തുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.