1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2016

സ്വന്തം ലേഖകന്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേരളാ പോലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകനുമേല്‍ യുഎപിഎ ചുമത്തി. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനും ചലച്ചിത്ര പ്രവര്‍ത്തകനുമായ നദിയെന്ന നദീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.

ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ എഴുത്തുകാരന്‍ കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോഴാണ് നദീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ ആറളം പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 148/16 കേസിലാണ് നദീറിനെ കസ്റ്റഡിയിലെടുത്തുന്നതെന്ന് മെഡിക്കല്‍ കൊളജ് പൊലീസ് അറിയിച്ചിരുന്നു.

2016 ആദ്യം ആറളം ഫാമിലെത്തിയ മാവോയിസ്റ്റുകള്‍ അവരുടെ പ്രസിദ്ധീകരണമായ കാട്ടുതീ പ്രചരിപ്പിച്ചിരുന്നു. ഇതിന് നദീര്‍ സഹായിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കൂട്ടത്തിലുണ്ടായിരുന്ന നദീറിനെ ആദിവാസികള്‍ തിരിച്ചറിഞ്ഞതായി പോലീസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇരിട്ടി ആറളത്തെ വിയറ്റ്‌നാം ആദിവാസി കോളനിയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മാവോവാദി പ്രസിദ്ധീകരണമായ ‘കാട്ടുതി’ പ്രചരിപ്പിച്ചുവെന്നാണ് കേസ്.

യു.എ.പി.എ നിയമത്തിലെ 20, 16, 38 വകുപ്പും ഐ.പി.സി 452, 143, 147, 148, 124 എ (രാജ്യദ്രോഹം), 506 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. നദീറിന്റെ ഫോട്ടോ ആദിവാസികള്‍ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും മൊബൈല്‍ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് പിടികൂടിയതാണെന്നുമാണ് പൊലീസ് ഭാഷ്യം. മെഡിക്കല്‍ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്ത നദിയെ ആറളം പൊലീസിന് കൈമാറി. ഇയാള്‍ക്കെതിരെ കഴിഞ്ഞ മാര്‍ച്ചില്‍ ആറളം പൊലീസ് യു.എ.പി.എ പ്രകാരം കേസെടുത്തിരുന്നതായി പൊലീസ് പറഞ്ഞു.

അതേസമയം നദിയുടെ അറസ്റ്റിനും യുഎപിഎ ചുമത്തിയതിനും എതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.