1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2020

സ്വന്തം ലേഖകൻ: ബഹിരാകാശ യാത്രികരെ വീണ്ടും ചന്ദ്രനിലെത്തിക്കാന്‍ നാസ (NASA) പദ്ധതി തയ്യാറാക്കുന്നു. ബഹിരാകാശ യാത്രികരെ 2024-ല്‍ ചന്ദ്രനിലെത്തിക്കാനായി 28 ബില്യണ്‍ ഡോളര്‍ (2,800 കോടി രൂപ) നിക്ഷേപചെലവ് വരുന്ന പദ്ധതിയാണ് നാസ തയ്യാറാക്കുന്നത്. ഇതില്‍ 16 ബില്യണ്‍ ഡോളര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന പേടകത്തിന്റെ നിര്‍മാണത്തിനായി നീക്കി വെക്കും.

യു.എസില്‍ തിരഞ്ഞെടുപ്പനുബന്ധ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ പദ്ധതിയുടെ പ്രരംഭനടപടികള്‍ വൈകിയേക്കാമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രിഡന്‍സ്റ്റീന്‍ സൂചന നല്‍കി. 2021-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്റെ മുന്‍ഗണനാപദ്ധതികളില്‍ ചാന്ദ്രയാത്രയും യുഎഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പദ്ധതിയ്ക്ക് അനുമതി ലഭിക്കുകയാണെങ്കില്‍ ഡിസംബറോടെ 3.2 ബില്യണ്‍ ഡോളര്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ബ്രിഡന്‍സ്റ്റീന്‍ പറഞ്ഞു. 1969 ലും 1972 ലും നടത്തിയ അപ്പോളോ യാത്രകളില്‍ നിന്ന് വ്യത്യസ്തമായി ദക്ഷിണധ്രുവത്തിലേക്കായിരിക്കും യാത്രയെന്നും അദ്ദേഹം സൂചിപ്പിച്ചു.

മൂന്ന് വ്യത്യസ്ത ബഹിരാകാശ കമ്പനികളാണ് ചന്ദ്രനിലേക്കുള്ള യാത്രക്കാരെ വഹിക്കുന്ന പേടകത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മത്സരരംഗത്തുള്ളത്. ആമസോണ്‍ സി.ഇ.ഒ. ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ നോര്‍ത് റോപ് ഗ്രൂമാന്‍ ആന്‍ഡ് ഡ്രേപര്‍ കമ്പനിയുടെ പങ്കാളിത്തത്തോടെ ഒരു വശത്തുണ്ട്.

ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സ്, മറ്റൊരു പ്രമുഖ നിര്‍മാണക്കമ്പനി ഡൈനെറ്റിക്‌സ് എന്നിവയും ചാന്ദ്രപേടകത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞു. ഒരു വനിത ഉള്‍പ്പെടെ രണ്ട് യാത്രികരാണ് 2024-ല്‍ ചന്ദ്രനിലേക്ക് തിരിക്കുന്നത്.

2021 നവംബറില്‍ ചന്ദ്രനിലേക്ക് യാത്ര തിരിക്കാനിരിക്കുന്ന ആര്‍തെമിസ് I ആളില്ലാ വിമാനമായിരിക്കും. പേടകം വിക്ഷേപിക്കാനുള്ള എസ്എല്‍എസ് റോക്കറ്റ് പരീക്ഷണഘട്ടത്തിലാണ്. 2023 -ല്‍ ചന്ദ്രനിലേക്ക് പോകുന്ന ആര്‍തെമിസ് II ബഹിരാകാശയാത്രകരെ വഹിക്കുമെങ്കിലും അവര്‍ ചന്ദ്രനില്‍ ഇറങ്ങില്ല. 2024 ലായിരിക്കും ബഹിരാകാശ യാത്രികരുടെ ചാന്ദ്ര ദൗത്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.