1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2015

സ്വന്തം ലേഖകന്‍: കേരളം നടത്തിയ ദേശിയ ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. അന്വേഷണം നടത്താന്‍ തക്ക അഴിമതിയോ ക്രമക്കേടോ നടന്നിട്ടില്ലെന്ന് സിബിഐ ഹൈക്കോടതിയെ ബോധിപ്പിച്ചു. ഗെയിംസ് നടത്തിപ്പില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരും ഇടപെട്ടിട്ടില്ല. സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടില്ല. ടെന്‍ഡര്‍ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചാണു നടപടിക്രമങ്ങളെന്നും സിബിഐ അറിയിച്ചു.

ഗെയിംസ് നടത്തിപ്പിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വി. ശിവന്‍കുട്ടി എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐയുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. ഹര്‍ജിയിലെ ആരോപണങ്ങള്‍ സംബന്ധിച്ചു പ്രാഥമിക വിലയിരുത്തല്‍ നടത്തിയ ശേഷമാണു മറുപടി. ഗെയിംസ് നടത്തിപ്പിനു കേന്ദ്രധനസഹായമായി 121 കോടി രൂപ കിട്ടി. ആദ്യ ഗഡുവായി 55 കോടിയും രണ്ടാംഗഡുവായി 66 കോടിയുമാണു കിട്ടിയതെന്ന് സിബിഐ അറിയിച്ചു.

സിന്തറ്റിക് ട്രാക്ക് നിര്‍മാണത്തിന് 20 കോടിയിലേറെ രൂപ ചെലവിട്ടെന്നും ജര്‍മനിയില്‍ നിന്നു കാലഹരണപ്പെട്ട യന്ത്രസാമഗ്രികളാണ് ഇതിന് ഇറക്കുമതി ചെയ്തതെന്നും ഹര്‍ജിയില്‍ ആക്ഷേപമുണ്ടായിരുന്നു. ഈ സംശയം ശരിയല്ലെന്ന് സിബിഐ കണ്ടെത്തി. നിലവാരം ഉറപ്പാക്കാനുള്ള പ്രത്യേകം വ്യവസ്ഥകള്‍ ടെന്‍ഡറില്‍ ഉള്‍പ്പെടുത്തിയിരുന്നു. 6.23 കോടി രൂപയ്ക്കു ജര്‍മനിയിലെ കമ്പനിക്കു കരാര്‍ നല്‍കിയതു നടപടിക്രമങ്ങളെല്ലാം പാലിച്ചാണ്.

സ്‌പോര്‍ട്‌സ് സാമഗ്രികള്‍ ഇറക്കുമതിക്കു മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ നിയമിച്ചെന്ന ആക്ഷേപവും ശരിയല്ല. 32.56 കോടി രൂപയ്ക്ക് സ്‌പോര്‍ട്‌സ് സാമഗ്രികള്‍ വാങ്ങിയതു 46 ടെന്‍ഡറുകള്‍ വഴിയാണ്. സ്‌പോര്‍ട്‌സ് കണ്‍സല്‍റ്റന്‍സി ചുമതലയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനു നല്‍കിയത്. ഇതില്‍ അഴിമതി നടന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഭക്ഷണ വിതരണ/കേറ്ററിങ് ചുമതല ഏല്‍പിക്കാന്‍ നാലിലേറെ ടെ!ന്‍ഡര്‍ ക്ഷണിച്ചതിനെക്കുറിച്ചുള്ള പരാതിക്കും അടിസ്ഥാനമില്ല. ഗെയിംസിനിടെ വിതരണം ചെയ്ത ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ചു പരാതികളൊന്നും ഉണ്ടായതുമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.