1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2018

സ്വന്തം ലേഖകന്‍: നാറ്റോ പ്രതിരോധ ചെലവ് ഉയര്‍ത്തണമെന്ന് അമേരിക്ക; സാധ്യമല്ലെന്ന് ജര്‍മനിയും ഫ്രാന്‍സും; നാറ്റോ ഉച്ചകോടിയില്‍ വാക്‌പോരാട്ടത്തിന്റെ മേളം. നാറ്റോ രാജ്യങ്ങളുടെ പ്രതിരോധ മേഖലയിലെ ചെലവ് ഇനിയും ഉയര്‍ത്തണമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ അഭ്യര്‍ത്ഥിച്ചതിനു ശേഷം വിവിധ നാറ്റോ രാജ്യങ്ങള്‍ പ്രതിരോധ ബജറ്റ് ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇത് മതിയായ ചെലവിന്റെ അടുത്തുപോലും എത്തിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ട്രംപ് അഭിപ്രായം വ്യക്തമാക്കിയത്.

സഖ്യത്തിന്റെ സൈനികച്ചെലവില്‍ 90 ശതമാനവും യുഎസിന്റെ ചുമലിലാണെന്നും മറ്റ് 28 അംഗരാജ്യങ്ങള്‍ ദേശീയവരുമാനത്തിന്റെ 2% വീതം പ്രതിരോധ വിഹിതമായി നല്‍കണമെന്നുമാണു യുഎസ് നിലപാട്. അടുത്ത വര്‍ഷം തന്നെ വര്‍ധന നടപ്പാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. എന്നാല്‍ 2014ല്‍ കൈക്കൊണ്ട തീരുമാനപ്രകാരം 2024ന് അകം വിഹിതം 2% ആയി ഉയര്‍ത്തുമെന്നും മറ്റ് അവകാശവാദങ്ങളില്‍ കഴമ്പില്ലെന്നുമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചത്.

നടപ്പാക്കിവരുന്ന കാര്യമാണു ട്രംപ് ആവശ്യമായി ഉന്നയിച്ചതെന്നും ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും പറഞ്ഞു. വിഹിതം ഉയര്‍ത്തുന്നതിനുള്ള സമയപരിധി ചോദിച്ചപ്പോള്‍ ‘വരും വര്‍ഷങ്ങളില്‍’ എന്നു മാത്രമായിരുന്നു ഉച്ചകോടിക്കു ശേഷം ട്രംപിന്റെയും മറുപടി. സമ്മേളനത്തില്‍ യൂറോപ്പിന്റെ പ്രതിരോധ ചെലവിന്റെ ഭീമമായ ഭാഗവും വഹിക്കുന്നത് വാഷിങ്ടണ്‍ ആണെന്ന് പറഞ്ഞ ട്രംപ് യു.എസ് സഖ്യകക്ഷികളെ കടുത്ത ഭാഷയില്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇതാണ് മെര്‍കലിനേയും മക്രോണിനേയും ചൊടിപ്പിച്ചത്.

ഉച്ചകോടിക്കിടെ, ട്രംപ് നയതന്ത്ര മര്യാദ വെടിഞ്ഞു അംഗല മെര്‍ക്കലിനെ ‘അംഗല’ എന്നുമാത്രം അഭിസംബോധന ചെയ്ത് സംസാരിച്ചു. സഖ്യം വിടാന്‍ മടിക്കില്ലെന്നു ട്രംപ് ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതു ശരിയല്ലെന്നു മക്രോണ്‍ പറഞ്ഞു. യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ തന്നെ അങ്ങനെ ചെയ്യാനുള്ള അധികാരം തനിക്കുണ്ടെന്നും എന്നാല്‍ അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നുമാണു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി ട്രംപ് പിന്നീടു പറഞ്ഞത്.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.