1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2017

സ്വന്തം ലേഖകന്‍: പാകിസ്താനില്‍ നവാസ് ഷെരീഫിന്റെ നില കൂടുതല്‍ പരുങ്ങലിലാകുന്നു, അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട 15 കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ ശുപാര്‍ശ. അനധികൃത സ്വത്തു സന്പാദനവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ പ്രസിഡന്റ് നവാസ് ഷരീഫിനെതിരേ 15 കേസുകള്‍ പുനരന്വേഷണം നടത്തണമെന്ന് സംയുക്ത അന്വേഷണ സംഘം(ജെഐടി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആവശ്യപ്പെടുന്നത്.

ഷെരീഫ് കുടുംബത്തിന്റെ അനധികൃത സ്വത്തു സന്പാദ്യങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ചതാണ് ഈ സംയുക്ത അന്വേഷണ സംഘത്തെ. ഷരീഫ് കുടുംബത്തിനു ലണ്ടനില്‍ കണക്കില്‍പ്പെടാത്ത സ്വത്തുക്കളുണ്ടെന്ന വിവരമാണു പാനമ പേപ്പറുകളിലൂടെ കഴിഞ്ഞവര്‍ഷം പുറത്തുവന്നത്. 1990ല്‍ ഷരീഫ് രണ്ടാംവട്ടം പ്രധാനമന്ത്രിയായിരിക്കേ പണംവെളുപ്പിക്കല്‍ നടത്തിയെന്നും ആരോപിക്കപ്പെട്ടു. പ്രതിപക്ഷപാര്‍ട്ടിയായ തെഹ്‌രിക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്റെ പരാതിയിലാണു സുപ്രീം കോടതി അന്വേഷണ സംഘത്തെ നിയമിച്ചത്.

ഈ മാസം പത്തിനാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്‍മേല്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി. ഷരീഫ് കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ലണ്ടനിലുള്ള നാല് അപ്പാര്‍ട്ട്‌മെന്റുകളുമായി ബന്ധപ്പെട്ട് എടുത്ത കേസടക്കം പുനരന്വേഷിക്കണമെന്നാണ് ശിപാര്‍ശ. 15 കേസുകളില്‍ മൂന്നെണ്ണം പ്രതിപക്ഷമായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അധികാരത്തിലിരുന്നപ്പോള്‍ എടുത്തതാണ്. 1999ല്‍ ഷരീഫിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത പട്ടാളമേധാവി ജനറല്‍ മുഷാറഫിന്റെ കാലത്ത് എടുത്തതാണ് ശേഷിക്കുന്ന കേസുകള്‍.

ഇതില്‍ അഞ്ചു കേസുകള്‍ നേരത്തേ ലഹോര്‍ ഹൈക്കോടതി തീര്‍പ്പാക്കിയതാണ്. ശരിയായ വിചാരണ നടത്താതെയും തെളിവുകള്‍ പരിഗണിക്കാതെയുമാണ് ഹൈക്കോടതി കേസുകള്‍ തീര്‍പ്പാക്കിയതെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഷെരീഫിനെയും രണ്ട് ആണ്‍മക്കളെയും പെണ്‍മകളെയും ചോദ്യം ചെയ്തിരുന്നു. ഷെരീഫിനും കുടുംബത്തിനും എതിരേയുള്ള അന്വേഷണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് പാക്കിസ്ഥാന്‍ പട്ടാളം അറിയിച്ചു. അതേസമയം കേസില്‍ ഷരീഫ് കുറ്റക്കാരനെന്ന് തെളിയുന്ന പക്ഷം പട്ടാളം പാകിസ്താന്റെ ഭരണം ഏറ്റെടുക്കുമെന്നും സൂചനയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.