1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2018

സ്വന്തം ലേഖകന്‍: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാക് മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫും മകളും ലഹോര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായി. ഷെരീഫിനേയും മകള്‍ മറിയത്തെയും ലണ്ടനില്‍നിന്നു പാക്കിസ്ഥാനില്‍ മടങ്ങിയെത്തിയ ഉടന്‍ ലഹോര്‍ വിമാനത്താവളത്തില്‍ വച്ചുതന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മറിയത്തിന്റെ ഭര്‍ത്താവ് ക്യാപ്ടന്‍ (റിട്ട) മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഷെരീഫിന്റെയും മറിയത്തിന്റെയും പാസ്‌പോര്‍ട്ടുകളും കണ്ടുകെട്ടി. അതേസമയം, മാതാവ് ബീഗം ഷാമിം അക്തറിനെയും സഹോദരന്‍ ഷെഹബാസിനെയും കാണാന്‍ നവാസ് ഷെരീഫിന് അനുമതി നല്‍കി. പാക്കിസ്ഥാനിലെ വരും തലമുറയ്ക്കു വേണ്ടിയുള്ള ത്യാഗമാണിതെന്നും ഇത്തരം അവസരം പിന്നീടു ലഭിച്ചെന്നു വരില്ലെന്നും നവാസ് ഷെരീഫ് പാക്കിസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെ അബുദാബി വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പനമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിക്കേസില്‍ ഷെരീഫിനു പത്തു വര്‍ഷം തടവും 80 ലക്ഷം പൗണ്ട് പിഴ ശിക്ഷയും പാക്കിസ്ഥാനിലെ അഴിമതിവിരുദ്ധ കോടതി വിധിച്ചിരുന്നു. കൂട്ടുപ്രതികളായ മകള്‍ മറിയം ഏഴു വര്‍ഷവും മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദര്‍ ഒരു വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം. മറിയത്തിന് 20 ലക്ഷം പൗണ്ട് പിഴയും വിധിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ 25ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു ഷെരീഫിന്റെ അറസ്റ്റ്.

അര്‍ബുദ ബാധിതയായി ലണ്ടനില്‍ ചികില്‍സയില്‍ കഴിയുന്ന ഭാര്യ കുല്‍സൂം നവാസിനൊപ്പമാണ് നവാസ് ഷരീഫും മക്കളും താമസിച്ചിരുന്നത്. കേസുകള്‍ കെട്ടിച്ചമച്ചതാണെന്നാരോപിച്ചു നവാസ് ഷരീഫ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി നേരത്തേ സുപ്രീം കോടതി തള്ളിയിരുന്നു. പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗിന്റെ നേതൃസ്ഥാനബും കോടതി വിധിയെത്തുടര്‍ന്ന് ഷെരീഫിന് നഷ്ടമായി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.