1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2019

സ്വന്തം ലേഖകൻ: ഒരു എട്ടു വയസുകാരന്റെ ഡ്രൈവിങ്ങ് വൈറലായതോടെ പിതാവ് കുടുങ്ങിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ലക്‌നൗവിൽ എട്ട് വയസുകാരന്‍ ബൈക്ക് ഓടിച്ച് പോകുന്നതിന്റെ വീഡിയോ ആരോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. കാല്‍ പോലും നിലത്തെത്താത്ത കുട്ടി ബൈക്ക് ഓടിക്കുന്നത് ആരോ എടുത്ത് പ്രചരിപ്പിച്ചു. അതോടെ പയ്യന്റെ ഡ്രൈവിങ് കാര്യമായി. ബൈക്ക് മകന് ഓടിക്കാന്‍ നല്‍കിയ പിതാവും കുടുങ്ങി.

കകോരി പോലീസാണ് എട്ടുവയസുകാരന്‍ ഷാനുവിന്റെ പിതാവിനെതിരേ നടപടിയെടുത്തത്. കുട്ടികള്‍ വാഹനമോടിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ കൂടിയത് കണക്കിലെടുത്ത് ശക്തമായ നടപടിയും ശിക്ഷയുമാണ് രാജ്യത്തുടനീളം പോലീസ് സ്വീകരിക്കുന്നത്.

സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതിനൊപ്പം ഈ വീഡിയോ പോലീസിന്റെയും ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരുന്ന അഡ്രസ് കണ്ടത്തുകയും കുട്ടിയുടെ പിതാവിനെതിരേ നടപടിയെടുക്കുകയുമായിരുന്നു. പുതിയ നിയമം കൂടിയായതോടെ 30,000 രൂപയാണ് ബൈക്ക് വിട്ടുകിട്ടണമെങ്കില്‍ കുട്ടിയുടെ പിതാവ് പിഴയൊടുക്കേണ്ടത്.

ലൈസന്‍സ് ഇല്ലാതെയുള്ള ഡ്രൈവിങ്ങിന് 25,000 രൂപ പിഴയും എട്ട് വയസ് മാത്രം പ്രായമുള്ള കുട്ടിക്ക് വാഹനം നല്‍കിയതിന് മാതാപിതാക്കള്‍ക്ക് 5000 രൂപ പിഴയുമാണ് പോലീസ് ചുമത്തിയത്. മുമ്പ് ലൈസന്‍സ് ഇല്ലാതെയുള്ള ഡ്രൈവിങ്ങിന് 500 രൂപയായിരുന്നു പിഴ. എന്നാല്‍, പുതിയ നിയമം വന്നതോടെ അത് 50 മടങ്ങായി ഉയര്‍ത്തുകയായിരുന്നു.

ലൈസന്‍സ് ഇല്ലെന്ന് മാത്രമല്ല വളരെ അപകടകരമായ രീതിയിലാണ് കുട്ടി വാഹനം ഓടിക്കുന്നത്. മുന്നിലെ ക്രാഷ് ഗാര്‍ഡിലും പിന്നിലെ രണ്ട് വശങ്ങളിലും പാല്‍ പാത്രം തുക്കിയിട്ടാണ് ഡ്രൈവിങ്. ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടെങ്കിലും അതിന്റെ സ്ട്രാപ്പ് പോലും കുട്ടി ധരിച്ചിട്ടില്ലെന്നും ദൃശ്യത്തില്‍ കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.