1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2019

സ്വന്തം ലേഖകന്‍: ജീവിതത്തിന്റെ വളയം പിടിക്കാന്‍ ഡ്രൈവറായി ദുബായിലെത്തി, ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം പിടിക്കുന്നു. നെല്‍സണ്‍ ഐപ്പ് ആദ്യമായി നിര്‍മിച്ച ചലച്ചിത്രം, മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘മധുരരാജ’ ഈയാഴ്ച തിയേറ്ററിലെത്തുന്നതിന്റെ ആകാംക്ഷയിലാണ്. ദുബായില്‍ ടാക്‌സിഡ്രൈവറായി എത്തി സൂപ്പര്‍താരചിത്രത്തിന്റെ നിര്‍മാതാവായ കഥയാണ് അദ്ദേഹത്തിന്റേത്.

സിനിമയിലെത്തും മുമ്പ് ദുബായില്‍ ടാക്‌സിയും ലോറിയും ഓടിച്ചുനടന്നിട്ടുണ്ട് നെല്‍സന്‍ ഐപ്പ്. ഒട്ടുമിക്ക പ്രവാസികളെയുംപോലെ പട്ടിണിമാറ്റാന്‍ ഗള്‍ഫിലേക്ക് വന്നതാണ് ഈ കുന്നംകുളം സ്വദേശി. ജീവിതം കൂട്ടിമുട്ടിക്കാന്‍ ദുബായ് റോഡുകളില്‍ ഈ മനുഷ്യന്‍ ടാക്‌സി ഓടിച്ചു. അഞ്ഞൂറ് ദിര്‍ഹംപോലും നാട്ടിലേക്ക് അയക്കാന്‍ കഴിയാത്ത പ്രാരബ്ധക്കാരനായ പ്രവാസി. അപ്പോഴും നെല്‍സന്റെ മോഹവും ലക്ഷ്യവും സ്വന്തമായി ഒരു വാഹനം വാങ്ങണമെന്നതായിരുന്നു. രാപകല്‍ അധ്വാനിച്ച് ടാക്‌സി ഓടിച്ച് നെല്‍സണ്‍ സ്വന്തമായി ഒരു ലോറി വാങ്ങി.

കുറെവര്‍ഷം ലോറി ഓടിച്ചു. പിന്നെ മൂന്നുലോറികള്‍കൂടി വാങ്ങി. അങ്ങനെയൊരു ചെറിയ മുതലാളിയായി. പക്ഷേ, അത് അധികം നീണ്ടുനിന്നില്ല. ഒരിക്കല്‍ ലോറികളിലൊന്ന് മറിഞ്ഞു. ആ അപകടവും തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമെല്ലാം നെല്‍സനെ വീണ്ടും തൊഴിലാളിയാക്കിമാറ്റി. വീണ്ടും വളയത്തിലും പ്രാരബ്ധത്തിലും ചുറ്റിത്തിരിഞ്ഞ് നെല്‍സന്റെ ജീവിതം. എങ്കിലും തളര്‍ന്നില്ല. അസാമാന്യമായ ഇച്ഛാശക്തിയുമായി അയാള്‍ ജീവിതം തിരിച്ചുപിടിച്ചു. ഇപ്പോള്‍ മുപ്പതിലേറെ ലോറികളുണ്ട് നെല്‍സണ് സ്വന്തമായിട്ട്.

സിനിമാക്കഥയോട് സാദൃശ്യമുള്ള ജീവിതത്തിന്റെ പുതിയ അധ്യായമാണ് ഇപ്പോള്‍ സിനിമാനിര്‍മാതാവ് എന്ന പരിവേഷം. മുപ്പതുകോടിയിലേറെ രൂപയാണ് ‘മധുരരാജ’യ്ക്കായി നെല്‍സന്‍ ചെലവാക്കിയത്. സിനിമയുടെ അണിയറക്കാരുമായുള്ള ബന്ധമാണ് നെല്‍സനെ നിര്‍മാതാവാക്കിയത്. ‘മധുരരാജ’ ജനപ്രിയചേരുവകളുള്ള ചിത്രമാണെന്നുപറയുന്ന നെല്‍സന്‍ ഐപ്പ്, അത് ‘നൂറുകോടി ക്ലബി’ല്‍ എത്തുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.