1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2015


അജിമോന്‍ ഇടക്കര

കഴിഞ്ഞ ഒരാഴ്ചയായി ഫോബ്മയുടെ നേതൃത്വത്തില്‍ നടന്നു വന്ന, നേപ്പാള്‍ ദുരിത ബാധിതര്‍ക്ക് വേണ്ടിയുള്ള അവശ്യ വസ്തു സമാഹരണ യജ്ഞം വിജയകരമായി പര്യവസാനിച്ചു. യൂക്കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആറിലധികം വലിയ വാനുകളിലായിട്ടാണു പീറ്റര്‍ബറോയിലെ കളക്ഷന്‍ സെന്ററില്‍ ഫോബ്മ പ്രവര്‍ത്തകര്‍ ശേഖരിച്ച വസ്തു വകകള്‍ ബോക്‌സുകളിലാക്കി എത്തിച്ചത്. ലണ്ടന്‍ അടുത്ത് അക്‌സ്ബ്രിട്ജിലും വൂള്‍വര്‍ഹാമ്പ്റ്റണിലും കളക്ഷന്‍ സെന്ററുകള്‍ ഉണ്ടായിരുന്നു എങ്കിലും സ്ഥല സൗകര്യം കൂടുതലുണ്ടായിരുന്ന പീറ്റര്‍ബറോയിലേയ്ക്കാണു ഭൂരിഭാഗവും ബോക്‌സുകളും, മുന്കൂട്ടി അറിയിച്ചിരുന്നത് പോലെ മെയ് 10 ഞായാറാഴ്ച ഫോബ്മ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിച്ചത്.

നന്മയുടെയും സഹജീവികളോടുള്ള കരുണയുടെയും കെടാത്ത കൈത്തിരി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒട്ടേറെ വ്യക്തികളും സംഘടനകളും കൂട്ടായ്മകളും ആണു യൂക്കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്, നേപ്പാളില്‍ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് സമാശ്വാസം പകരുവാന്‍, ഫോബ്മയുടെ പദ്ധതിക്ക് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്.
ഫോബ്മയുടെ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ആംഗ്ലിയ റീജിയന്‍ ഇത്തവണയും പതിവ് തെറ്റിക്കാതെ ആദ്യ മൂന്നു നാല് ദിവസങ്ങള് കൊണ്ടു തന്നെ 200 ഇല്‍ അധികം ബോക്‌സ് വസ്ത്രങ്ങളും ബ്ലാങ്കെറ്റുകളും കളക്റ്റ് ചെയ്തു. ഇപ്‌സ് വിച് കെ സി എ ഒന്നടങ്കം പതിവ് പോലെ മുന്നിട്ടിറങ്ങീ ഏറ്റവും നല്ല വസ്ത്രങ്ങള്‍ മാത്രം തരം തിരിച്ചു മാറ്റിയിട്ടും നാല്പതോളം ബോക്‌സുകള്‍ ഉണ്ടായിരുന്നു. നിലവിലെ പ്രസിഡന്റ് സോജന്‍ ആന്റണി, പോയ വര്ഷം കെ സി എ യെ നയിച്ച ജിബ്‌സണ്‍ വര്‍ഗീസ്, ലാല്‍സണ്‍ ജോണ്‍ എന്നിവര്‍ ആണു ഡെലിവറി നടത്താന്‍ വാനുമായി പീറ്റര്‍ബറോയില്‍ എത്തിയത്. ഫോബ്മ ദേശീയ ജനറല്‍ സെക്രട്ടറി ടോമി സെബാസ്‌റ്യന്‍ ആണു ചെംസ്‌ഫോര്‍ഡ് ഏരിയായിലെ കളക്ഷന്‍ എത്തിച്ചത്.

സൌത്തെന്റ്‌റ് ഓണ്‍ സീ യിലെ താളം ഫാമിലി ക്ലബ് ഇടവക പള്ളിയിലെ ഇംഗ്ലീഷ് സമൂഹവുമായി സഹകരിച്ചാണ് ഒരു വാന്‍ നിറയെ വസ്ത്രങ്ങളും പുത്തന്‍ ബ്ലാങ്കെറ്റുകളും ശേഖരിച്ചത്. വൃത്തിയായി തരം തിരിച്ചു ലേബലുകളും ഒട്ടിച്ചു റോയ് ഫിലിപ്പിന്റെ നേതൃത്വത്തില്‍ ആണു ദിവസ വാടകയ്‌ക്കെടുത്ത വാനില്‍ ബോക്‌സുകള്‍ മുഴുവന്‍ കളക്ഷന്‍ സെന്ററില്‍ എത്തിച്ചത്. ബെഡ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് എന്നിവിടങ്ങളിലെ കളക്ഷന് നേതൃത്വം നല്കിയത് ഫോബ്മ ആംഗ്ലിയ റീജിയന്‍ സെക്രട്ടറി ജോമോന്‍ മാമ്മൂട്ടില്‍, പ്രസിഡന്റ് അബ്രഹാം മാത്യൂ, ഫോബ്മ നാഷണല്‍ കമ്മിറ്റി അംഗം മാത്യൂ കുരീക്കല്‍, യൂജിന്‍ എന്നിവരാണ്. വോക്കിങ്ങ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഫോബ്മ ദേശീയ കമീറ്റി അംഗം സോണി ജോര്‍ജ്, ഹേ വാര്‍ഡ് ഹീത്ത് ഫ്രണ്ട്‌സ് പ്രതിനിധി ജിജോ അരയത്ത് എന്നിവരാണ് ലണ്ടന്‍ സൌത്ത് ഈസ്റ്റ് മേഖലകളിലെ കളക്ഷന്‍ ഏകോപിപ്പിച്ച് അക്‌സ്ബ്രിഡ്ജില്‍ എത്തിച്ചത്.

ഓക്‌സ്‌ഫോര്‍ഡ് മലയാളി അസ്സോസിയേഷന്റെ (ഓക്‌സ്മാസ്) ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തില്‍ രൂപേഷ് ജോണും കമ്മിറ്റി അംഗങ്ങളും കൂടി നാല്‍പ്പതില്‍ അധികം ബോക്‌സുകള്‍ നിറയെ വസ്ത്രങ്ങളും പുതപ്പുകളും ശേഖരിച്ചു. ഗ്ലോസ്റ്റര്‍ഷയറിലെ സെന്റ് പീറ്റേര്‍സ് കേരള കാത്തോലിക് കമ്മ്യൂണിറ്റി (എസ് കെ സിസി) കമ്മിറ്റി അംഗങ്ങളും ഗ്ലോസ്റ്റര്‍ നിവാസിയായ രശ്മി മനോജും ആണു ആ പ്രദേശത്തെ കളക്ഷന് നേതൃത്വം നല്കിയത്. ഗ്ലോസ്റ്ററിലെ തന്നെ ബിജു തോമസ് ഉള്ളാട്ടില്‍ തന്റെ വലിയ ഡെലിവറി വാന്‍ തികച്ചും സൗജന്യമായി വിട്ടു നല്കി ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളി ആയി. ഫോബ്മ സ്ഥാപക സെക്രട്ടറിയും നിലവിലെ കമ്മിറ്റിയിലെ ചില്‍ഡ്രന്‍ & യൂത്ത് കോര്‍ഡിനേറ്റര്‍. പീ ആര്‍ ഓ എന്നീ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്ന അജിമോന്‍ ഇടക്കര ആണ് ഗ്ലോസ്റ്റര്‍, ഓക്‌സ്‌ഫോര്‍ഡ് എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന മധ്യ മേഖലയിലെ ബോക്‌സുകള്‍ കളക്റ്റ് ചെയ്ത് പീറ്റര്‍ബറോയില്‍ എത്തിച്ചത്. ലെസ്റ്റര്‍, ബര്‍മിങ്ങ്ഹാം പ്രദേശങ്ങളിലെ കളക്ഷന്‍ ഫോബ്മ സ്ഥാപകഖജാന്‍ജിയും നിലവിലെ നാഷണല്‍ കമ്മിറ്റി മെംബറുമായ കിരണ്‍ ജോസഫ് പീറ്റര്‍ബറോയില്‍ എത്തിച്ചപ്പോള്‍, ഫോബ്മ കായിക വിഭാഗം കോര്‍ഡിനേറ്റര്‍ ജോഷി വര്‍ഗീസ്, വൈസ് പ്രസിഡന്റ് ജാന്‍സി തോമസ്, ഖജാന്‍ജി ജോസ് കാച്ചപ്പള്ളി എന്നിവര്‍ സ്റ്റോക് ട്രെന്റ് മേഖലയിലെ സമാഹരണത്തിനു നേതൃത്വം നല്കി.

പ്രതീക്ഷിച്ചതിലും നേരത്തെ വെയര്‍ ഹൌസുകള്‍ നിറഞ്ഞതിനാല്‍ ബ്രാഡ്‌ഫോര്‍ഡ്, ലീഡ്‌സ്, ലിവര്‍പൂള്‍ തുടങ്ങി നോര്‍ത്ത് മേഖലയില്‍ നിന്ന് കാര്യമായി ധാരാളം പ്രതികരണം ഉണ്ടായിരുന്നെങ്കിലും കളക്ഷന്‍ എടുക്കുവാന്‍ കഴിഞ്ഞില്ലാ. ഫോബ്മയുടെ ഈ ദുരിതാശ്വാസ പദ്ധതിയോടു സഹകരിച്ചു ഇത് ഒരു വാന്‍ വിജയമാക്കി തീര്‍ത്ത എല്ലാ വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും അസോസിയേഷനുകള്‍ക്കും ഫോബ്മയുടെ പേരിലുള്ള അകൈതവമായ നന്ദി ഫോബ്മയ്ക്കു വേണ്ടി പ്രസിഡന്റ് ഐസ്സക് ഉമ്മന്‍, ജനറല്‍ സെക്രട്ടറി ടോമി സെബാസ്‌റ്യന്‍ എന്നിവര്‍ അറിയിച്ചു . യൂക്കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഘടനകളും കൂട്ടായ്മകളും വ്യക്തികളും സമാഹരിച്ച വസ്തു വകകള്‍ ഫോബ്മ പ്രവര്‍ത്തകര്‍ വ്യക്തിപരമായി പണം മുടക്കി വലിയ വാനുകള്‍ വാടയ്ക്കക്ക് എടുത്താണ് വിവിധ കളക്ഷന്‍ സെന്ററുകളില്‍ ബോക്‌സുകള്‍ എത്തിച്ചത്. നാട്ടുകാരില്‍ നിന്നും പണം പിരിക്കുന്നതിന് നേതൃത്വം മാത്രം നല്കി കയ്യില്‍ നിന്നും നയാ പൈസ മുടക്കാതെ പേരും പ്രശസ്തിയും ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ചാരിറ്റി പ്രവര്‍ത്തകരെ മാത്രം കണ്ടിട്ടുള്ള യൂക്കെ മലയാളികള്‍ക്ക് ഫോബ്മ പ്രവര്‍ത്തകര്‍ അനുകരണീയമായ ഒരു മാതൃകയാണ് കാണിച്ചു കൊടുത്തത്. സംഘടനകള്‍ പേരിനും പ്രശസ്തിക്കും സ്വാര്‍ത്ഥ ലാഭത്തിനും പരസ്പര മത്സരത്തിനും ഉപയോഗിക്കാതെ മാനവരാശിയുടെ ഉന്നമനത്തിനും സാര്‍വ്വ സാഹോദര്യം നിലനിറുത്തുവാനും ഉപയോഗിക്കാം എന്നതിന് ഒരു ഉത്തമോദാഹരണമാമാണു ഫോബ്മയുടെ ഇക്കഴിഞ്ഞ അവശ്യ വസ്തു സമാഹരണ യജ്ഞം. നേപ്പാളിലെ ആഭ്യന്തര നയങ്ങളില്‍ ഉണ്ടായ വ്യതിയാനം മൂലം ജെറ്റ് എയര്‍വേസിന് കണ്‍സൈന്മെന്റ് ക്ലിയറന്‍സ് അനുമതി വൈകിയത് മൂലം സ്റ്റോറേജ് സൗകര്യം പരിമിതമായി പോയതു കൊണ്ടു അവശ്യ വസ്തു സമാഹരണം പ്രഖ്യാപിച്ഛതിലും മൂന്നു ദിവസം മുന്‍പേ നിറുത്തേണ്ടി വന്നു. എങ്കിലും ആദ്യ മൂന്നു നാല് ദിവസങ്ങള്‍ക്കം തന്നെ പ്രതീക്ഷിച്ചതിലും കൂടുതല്‍ വസ്തുക്കള്‍ സമാഹരിക്കുവാന്‍ കഴിഞ്ഞത് ഫോബ്മയുടെ തികച്ചും നിസ്വാര്‍ത്ഥവും പ്രായോഗികവും ആയ ഈ സദുദ്യമം പൊതു ജനഹൃദയങ്ങളിലെക്കിറങ്ങി ചെന്നു എന്നതിന് തെളിവാണ്. മറ്റു സംഘടനകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി, യാതൊരു വിധ ജാതി മത സംഘടന വേര്‍തിരിവുകളും കൂടാതെ സാമൂഹ്യ പ്രതിബദ്ധതയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ജനോപകാര പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തുക എന്നത് ഫോബ്മയുടെ പ്രഖ്യാപിത നയമാണ്. ഫോബ്മ പോയ വര്‍ഷം ഏറ്റെടുത്തു വിജയിപ്പിച്ച ‘ഇന്ത്യന്‍ എംബസി ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് സിസ്റ്റം ക്യാംബൈന്‍’ ഇത് പോലെ ജനോപകാരപ്രദവും ജനപിന്തുണ ലഭിക്കുകയും ചെയ്ത വിജയിച്ച ഒരു മറ്റൊരു പദ്ധതി ആണു. യൂക്കെയിലെ നേപ്പാളി കമ്മ്യൂണിറ്റികളുമായി കൂടി സഹകരിച്ചുകൊണ്ടാണു ഫോബ്മ ഈ മഹത്തായ ജീവകാരുണ്യ യജ്ഞത്തില്‍ പങ്കാളികളാവുന്നത്. സാമൂഹ്യ പ്രതിബദ്ധതയും പരസ്പര സാഹോദര്യവും ഉള്ള ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നത് ഫോബ്മയുടെ ആത്യന്തിക ലക്ഷ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.