1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2019

സ്വന്തം ലേഖകൻ: കേരള സന്ദര്‍ശനത്തിനെത്തിയ നെതർലൻ‍ഡ് രാജാവും രാജ്ഞിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് മുന്പായി ഇരുവരെയും ഡച്ച് ഭാഷയില്‍ സ്വാഗതം ചെയ്യാനും മുഖ്യമന്ത്രി മറന്നില്ല. ട്വിറ്ററിലൂടെയാണ് പിണറായി ഡച്ച് ഭാഷയില്‍ ഇവരുവര്‍ക്കും സ്വാഗതം അര്‍പ്പിച്ച് സന്തോഷം പങ്കുവച്ചത്.

ഉച്ച കഴിഞ്ഞ് കൊച്ചിയിലെത്തിയ നെതർലൻ‍ഡ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയുമായി വൈകിട്ടോടെയാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ഇരുവരുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ സന്തോഷം പങ്കിടുകയും ചെയ്തു. ഒപ്പം ഇവര്‍ക്ക് നല്‍കിയ ഉപഹാരത്തിന്‍റെ ചിത്രവും ഫേസ്ബുക്കിലൂടെ പങ്കുവച്ചു. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ടാജ് മലബാര്‍ ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. വിശിഷ്ടാതിഥികള്‍ക്കായി മുഖ്യമന്ത്രി വിരുന്നൊരുക്കുകയും ചെയ്തു.

നെതർലൻ‍ഡ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും രണ്ടുദിവസത്തെ കേരള സന്ദർശനത്തിനായാണ് കൊച്ചിയിലെത്തിയത്. ദില്ലിയിലെയും മുംബൈയിലെയും പര്യടനം പൂര്‍ത്തിയാക്കി പ്രത്യേക വിമാനത്തിലാണ് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ രാജാവും സംഘവും എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി സി രവീന്ദ്രനാഥ് എന്നിവർ ചേർന്ന് ഇരുവരേയും സ്വീകരിക്കുകയായിരുന്നു.

കേരളീയ ശൈലിയിലുള്ള വരവേല്‍പ്പാണ് രാജാവിനും രാജ്ഞിക്കും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. തുടർന്ന് റോഡ്മാർഗം മട്ടാഞ്ചേരിയിലെത്തിയ രാജാവും സംഘവും ഡച്ച് കൊട്ടാരം സന്ദർശിച്ചു. വ്യാപാര ബന്ധങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളുടെയും കൈവശമുള്ള പുരാരേഖകൾ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രത്തിലും ഒപ്പിട്ടു. കേരള ആർക്കൈവ്സ് ഡയറക്ടർ ജെ രജികുമാർ, നെതർലൻഡ്സ് നാഷണൽ ആർക്കൈവ്സ് ഡയറക്ടർ ഡി ജി മറെൻസ് ഏൻഗൽഹഡ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. രാജാവും രാജ്ഞിയും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ നെതര്‍ലന്‍ഡ്സ് സന്ദര്‍ശനത്തിന്‍റെ തുടര്‍ച്ചയായാണ് രാജാവിന്‍റെ നേതൃത്വത്തിൽ ഉന്നതതല സംഘം കേരളത്തിലെത്തിയത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയിൽ കേരളത്തിന്‍റെ പ്രളയാനന്തര പുനർ നിർമ്മാണ പ്രവർത്തനങ്ങളും തുറമുഖ വികസനവും ചര്‍ച്ച ചെയ്തിരുന്നു.

നെതർലാൻഡ് രാജാവ് വില്യം അലക്സാണ്ടർ, രാജ്ഞി മാക്സിമ എന്നിവരുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി.

Pinarayi Vijayan यांनी वर पोस्ट केले गुरुवार, १७ ऑक्टोबर, २०१९

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.