1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2017

സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച, ശ്വാസംകുട്ടി മരിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം 30 ആയി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുവട്ടം എംപിയായിരുന്ന ഗോരഖ്പുര്‍ മണ്ഡലത്തിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ ശനിയാഴ്ച മൂന്ന് കുഞ്ഞുങ്ങള്‍കൂടി മരിച്ചതോടെ ആറു ദിവസത്തിനിടെ ശ്വാസംകിട്ടാതെ പിടഞ്ഞുമരിച്ച 63 ആയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതില്‍ 17 നവജാത ശിശുക്കളുമുണ്ട്. മൂന്നു ദിവസംമുമ്പ് ആദിത്യനാഥ് ആശുപത്രിയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു പിന്നാലെയാണ് പ്രാണവായു കിട്ടാതെ നവജാതശിശുക്കളടക്കം 30 കുഞ്ഞുങ്ങള്‍ മരിച്ചത്. കുടിശ്ശിക നല്‍കിയില്ലെങ്കില്‍ ആശുപത്രിയിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യില്ലെന്ന് കാട്ടി സ്വകാര്യ കമ്പനി നല്‍കിയ കത്ത് പുറത്തു വന്നതോടെ ഇക്കാര്യത്തില്‍ യുപി സര്‍ക്കാര്‍ പ്രതിക്കൂട്ടിലുമായി.

ബിആര്‍ഡി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയെ സസ്‌പെന്‍ഡ് ചെയ്തതായി യുപി ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് അറിയിച്ചു. വ്യാഴാഴ്ച രാത്രി രണ്ട് മണിക്കൂര്‍ നേരത്തേക്ക് 800 ബെഡുകളിലേക്കുള്ള ഓക്‌സിജന്‍വിതരണം മാത്രമാണ് തടസ്സപ്പെട്ടതെന്നും ഈ സമയത്ത് മരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നുമാണ് യുപി സര്‍ക്കാര്‍ വാദം. എന്നാല്‍, ഓക്‌സിജന്‍ വിതരണം മുടങ്ങിയ വ്യാഴാഴ്ച തന്നെയാണ് 17 നവജാതശിശുക്കള്‍ ഉള്‍പ്പടെ 23 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മരണങ്ങള്‍ മറ്റ് കാരണങ്ങളെ തുടര്‍ന്നാണെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളും മറ്റു രേഖകളും പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അതിനിടെ 21 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചതായി ഗോരഖ്പുര്‍ പൊലീസ് സൂപ്രണ്ട് അറിയിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഓക്‌സിജന്‍ നല്‍കിയ ഇനത്തില്‍ 63,65,702 രൂപയാണ് ലഖ്‌നൌവിലെ പുഷ്പ സെയില്‍സ് കമ്പനിക്ക് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിക്കാനുള്ളത്.

ഈ തുക ഉടന്‍ കിട്ടണമെന്ന് അന്ത്യശാസനം നല്‍കിയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് കമ്പനി ആഗസ്ത് ഒന്നിന് കത്ത് കൊടുത്തത്. കുടിശ്ശിക തുക കിട്ടിയില്ലെങ്കില്‍ ഓക്‌സിജന്‍ വിതരണം അവസാനിപ്പിക്കുമെന്ന് കത്തില്‍ കമ്പനി മുന്നറിയിപ്പ് നല്‍കി. 57 ലക്ഷം രൂപ കുടിശ്ശിക തീര്‍ക്കണമെന്ന് അറിയിച്ച് ജൂലൈ 18 നും കമ്പനി കത്ത് കൊടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.