1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2017

സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസക്ക് ബദലായി പുതിയ ബില്‍ അവതരിപ്പിക്കാന്‍ സെനറ്റര്‍മാര്‍, ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന് സൂചന. സെനറ്റര്‍മരായ ചുക് ഗ്രാസിലി, ഡിക് ഡര്‍ബന്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ബില്‍ അവതരിപ്പിക്കുന്നത്. അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന സമര്‍ഥരായ വിദേശികള്‍ക്ക് എച്ച് 1 വിസ പ്രോഗ്രാമില്‍ മുന്‍ഗണന ലഭിക്കുന്നുവെന്ന് ബില്‍ ഉറപ്പാക്കുമെന്ന് സെനറ്റര്‍മാര്‍ പറഞ്ഞു.

ഈ ബില്‍ കോണ്‍ഗ്രസ് പാസാക്കിയാല്‍ വിസ പ്രോഗ്രാമില്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച വിദേശികള്‍ക്ക് മുന്‍ഗണന നല്‍കേണ്ടി വരും. അമേരിക്കന്‍ ജോലിക്കാര്‍ക്കു പകരമായി വിദേശത്തു നിന്ന് കുറഞ്ഞ വേതനത്തിന് ആളുകളെ ഇറക്കുമതി ചെയ്യുന്ന വിസ പ്രോഗ്രമായി എച്ച് 1 ബി വിസ മാറിയെന്നും, അതില്‍ മാറ്റം വരുത്തുമെന്നുമുള്ള പ്രസിഡന്റ് ട്രമ്പിന്റെ പ്രഖ്യാപനം നിലനില്‍ക്കെയാണ് സെനറ്റര്‍മാരുടെ നീക്കം വന്നിരിക്കുന്നത്. ഈ വിസ പ്രോഗ്രാമില്‍ വരുന്നവര്‍ക്ക് മാസ്റ്റേഴ്‌സ് ബിരുദം നിര്‍ബന്ധമാക്കണമെന്നും, കുറഞ്ഞ വേതനമായി പ്രതിവര്‍ഷം ഒരു ലക്ഷം ഡോളര്‍ നിജപ്പെടുത്തണമെന്നുമുള്ള ബില്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ട്. ഇന്ത്യയിലെ ഐ.ടി കമ്പനികളെ പുതിയ ബില്ലുകള്‍ ഏറെ ദോഷകരമായി ബാധിക്കുമെന്നാണ് സൂചന.

ഈ പ്രോഗ്രാമുകള്‍ കോണ്‍ഗ്രസ് ആവഷ്‌കരിച്ചത് അമേരിക്കയിലെ ഉന്നത സാങ്കേതിക വിദ്യാ രംഗം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അല്ലാതെ പകരം വയ്ക്കുന്ന എന്നതായിരുന്നില്ല. നിര്‍ഭാഗ്യവശാല്‍ പല കമ്പനികളും അമേരിക്കന്‍ ജോലിക്കാരെ മാറ്റി പകരം കുറഞ്ഞ വേതനത്തില്‍ ജോലിക്കാരെ ഇറക്കുമതി ചെയ്യുന്നതിനുള്ള അവസരമായി ഈ വിസ പ്രോഗ്രാം മാറ്റിയെന്ന് സെനറ്റര്‍മാര്‍ ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ ജോലിക്കാര്‍ക്കാണ് ഏത് പ്രോഗ്രമിലും മുന്‍ഗണന ലഭിക്കേണ്ടത്. അമേരിക്കന്‍ തൊഴില്‍ മാര്‍ക്കറ്റിലേക്ക് അതീവ സാങ്കിതക വൈദഗ്ധ്യം വേണ്ട ജീവനക്കാരെ ആവശ്യമായി വരുമ്പോള്‍, അമേരിക്കന്‍ കോളജുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ വിദേശികളായ സമര്‍ഥര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ അവസരം ലഭ്യമാക്കണം. അമേരിക്കക്കാര്‍ക്കും, ഉന്നത സാങ്കേതിക മികവുള്ളവര്‍ക്കും ഒന്നുപോലെ പ്രയോജനപ്പെടുന്ന ബില്ലാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് സെനറ്റര്‍മാര്‍ പറഞ്ഞു.

എച്ച് 1 ബി , എല്‍ 1 ബി വിസ പ്രോഗ്രമുകളില്‍ ആവശ്യമായ പരിഷ്‌കാരം വരുത്തേണ്ടത് ഇമിഗ്രേഷന്‍ രംഗത്തെ പോരായ്മ പരിഹരിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. നിയമത്തിലെ പഴുതികള്‍ മുതലെടുത്ത് വിദേശ ഔട്ട്‌സോഴ്‌സിംഗ് കമ്പനികള്‍ വര്‍ഷങ്ങളായി യോഗ്യതയുള്ള അമേരിക്കന്‍ ജോലിക്കാര്‍ക്കു പകരം കുറഞ്ഞ വേതനത്തില്‍ വിദേശ ജോലിക്കാരെ ഇറക്കുമതി ചെയ്യുകയാണ്. അമേരിക്കന്‍ വിദേശ ജോലിക്കാരെ ചൂഷണം ചെയ്യുന്ന ഇപ്പോഴത്തെ അവസ്ഥയ്ക്ക് പുതിയ ബില്‍ അറുതി കൊണ്ടുവരുമെന്ന് സെനറ്റര്‍മാര്‍ പറഞ്ഞു.

അമ്പതിലധികം ജീവനക്കാരുള്ള കമ്പനികളില്‍ 50 ശതമാനത്തിലധികം പേര്‍ എച്ച് ബി, എല്‍ 1 വിസ ഉള്ളവരാണെങ്കില്‍ പ്രസ്തുത കമ്പനിക്ക് എച്ച് 1 ബി വിസ വഴി കൂടുതല്‍ പേരെ ഇറക്കുമതി ചെയ്യുന്നത് പുതിയ ബില്‍ തടയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.