1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2017

സ്വന്തം ലേഖകന്‍: യുഎസില്‍ ട്രംപിന്റെ സ്ഥാനാരോഹണം പ്രമാണിച്ച് പുടിന്റെ റഷ്യയില്‍ പ്രത്യേക നാണയം ഇറക്കലും ആഘോഷങ്ങളും. യുഎസിന്റെ നാല്പത്താഞ്ചാമത്തെ പ്രസിഡന്റായി ട്രംപ് അധികാരമേറ്റത് ആഘോഷിക്കാന്‍ റഷ്യക്കാര്‍ പ്രത്യേക നാണയം ഇറക്കുകയും ചില വില്പനശാലകളില്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന വിവാദം കത്തിനില്‍ക്കുന്ന സമയത്താണ് ഇതെന്നാണ് തമാശ.

മോസ്‌കോ!യില്‍നിന്ന് 650 മൈല്‍ അകലെയുള്ള ആര്‍ട്ട് ഗ്രാനി റഷ്യന്‍ മെറ്റല്‍ വര്‍ക്കിംഗ് കമ്പനിയാണ് സ്മാരക നാണയം ഇറക്കിയത്. ആകെ 45 നാണയങ്ങള്‍ ഇറക്കിയതില്‍ അഞ്ചു സ്വര്‍ണനാണയങ്ങളും 25 വെള്ളി നാണയങ്ങളുമുണ്ട്. മോസ്‌കോയിലെ റഷ്യന്‍ എംബസിക്ക് എതിര്‍വശത്തുള്ള ആര്‍മി സപ്‌ളെ സ്റ്റോര്‍ എല്ലാ സാധനങ്ങള്‍ക്കും പത്തുശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. ട്രംപിനെ പ്രകീര്‍ത്തിച്ച് വില്ലി ടൊക്കാരോവ് നടത്തിയ സംഗീതക്കച്ചേരി ആസ്വദിക്കാന്‍ നിരവധി പേര്‍ എത്തി.

റഷ്യയുടെ സഹായത്തോടെ ജയിച്ചയാള്‍ എന്ന പ്രതിഛായയുമായാണ് ട്രംപ് വൈറ്റ് ഹൗസില്‍ കാലുകുത്തുന്നത്. പ്രചാരണ കാലത്തും വിജയത്തിനു ശേഷവും റഷ്യയോടും പുടിനോടുമുള്ള ചായ്‌വ് അദ്ദേഹം തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. റഷ്യയെ കുറ്റംപറയുന്നവര്‍ മണ്ടന്‍മാരാണ് എന്നുവരെ പ്രഖ്യാപിച്ചു കളഞ്ഞു ട്രംപ്. ശീത യുദ്ധകാലത്ത് തുടങ്ങിയ യു.എസ് സോവിയറ്റ് യൂനിയന്‍ പോരാണ് ഇരു ലോക ശക്തികളെയും രണ്ടു ചേരിയില്‍ നിര്‍ത്തിയത്.

ട്രംപിനെ പുടിന്‍ പാട്ടിലാക്കിയതിലൂടെ അമേരിക്കയെ സോവിയറ്റ് യൂനിയന്‍ മാതൃകയില്‍ നശിപ്പിക്കുകയാണ് റഷ്യ സ്വപ്നം കാണുന്നതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ പറയുന്നു. റഷ്യക്കെതിരേയുള്ള ഉപരോധം പിന്‍വലിക്കുമെന്ന പുടിന്റെ പ്രഖ്യാപനം ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. നാറ്റോയും റഷ്യയും രണ്ടു പക്ഷത്ത് നിലയുറപ്പിച്ചതോടെയാണ് സിറിയയില്‍ ഐ.എസിനെതിരേയുള്ള അമേരിക്കയുടെ യുദ്ധതന്ത്രം പൊളിഞ്ഞത്.

ഐ.എസിനെതിരേ റഷ്യക്കും ട്രംപിനും ഒരേ നിലപാടാണ്. ഐ.എസിനെ ട്രംപിന്റെ കാലത്ത് പരാജയപ്പെടുത്താനാണ് റഷ്യയുടെ നീക്കം. ഉസാമയെ കൊന്ന് നേട്ടമുണ്ടാക്കിയ ഒബാമയ്ക്ക് പകരമാകും ഇതെന്ന് ട്രംപും കരുതുന്നു. ഹിലരി തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ത്തിയ ട്രംപിന്റെ റഷ്യന്‍ ബന്ധം ജനം തള്ളിയെന്നത് റഷ്യന്‍ അനുകൂല നിലപാടുള്ള ട്രംപിന് ആത്മവിശ്വാസം കൂട്ടുന്ന ഘടകമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.