1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണവൈറസിന്റെ പുതിയ വകഭേദം കൂടുതൽ പേരെ രോഗബാധിതരായേക്കാമെന്ന് പുതിയ പഠനറിപ്പോർട്ട്. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടാനും മരണസംഖ്യ വർധിക്കാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്തിയാൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധനവുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ സെന്റർ ഫോർ മാത്തമാറ്റിക്കൽ മോഡലിങ് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് നടത്തിയ പഠനത്തിൽ പുതിയ വൈറസിന്റെ വ്യാപനനിരക്ക് മറ്റിനങ്ങളേക്കാൾ 56 ശതമാനം അധികമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഈ ഇനത്തിന് കൂടുതൽ ഗുരുതരാവസ്ഥ സൃഷ്ടിക്കാൻ കഴിവുണ്ടോയെന്ന കാര്യത്തിൽ തെളിവ് നൽകാൻ പഠനത്തിന് സാധിച്ചിട്ടില്ല. പുതിയ വൈറസ് വകഭേദത്തിന് 70 ശതമാനത്തോളം അധികം വ്യാപനശേഷിയുണ്ടെന്നായിരുന്നു നേരത്തെയുള്ള നിഗമനം.

വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനുകളുടെ പ്രാഥമിക പരീക്ഷണങ്ങൾക്ക് പല രാജ്യങ്ങളും അനുമതി നൽകുകയും മനുഷ്യരിലെ പരീക്ഷണം ആരംഭിക്കുകയും ചെയ്ത സ്ഥിതിയാണ് നിലവിലുള്ളത്. ഈ വാക്സിനുകൾ വൈറസിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണെന്നാണ് വാക്സിൻ നിർമാതാക്കളുടെ അവകാശവാദം. എങ്കിലും കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ച ഒന്നിലധികം വകഭേദങ്ങളുടെ കണ്ടെത്തൽ ആരോഗ്യവിദഗ്ധരിലും അധികൃതരിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

കൊവിഡിന്റെ വീണ്ടുമൊരു വ്യാപനം തടയാൻ മിക്ക രാജ്യങ്ങളും അതിർത്തികൾ അടച്ചു പൂട്ടിയിരിക്കുകയാണ്. ബ്രിട്ടൻ കൂടാതെ ദക്ഷിണാഫ്രിക്കയിലും വൈറസിന്റെ മറ്റൊരു വകഭേദം കണ്ടെത്തിയത് ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്താൻ കാരണമായി. പുതിയതായി കണ്ടെത്തിയ വൈറസ് വകഭേദങ്ങൾക്ക് നേരത്തെയുള്ള വൈറസിൽ നിന്ന് വലിയ വ്യത്യാസമില്ലെന്നും നിലവിൽ വികസിപ്പിച്ച വാക്സിനുകൾ ഉപയോഗിച്ച് അവയെ നിയന്ത്രിക്കാൻ സാധിക്കുമെന്നും ഫൈസർ, ബയോൺടെക് എസ്ഇ തുടങ്ങിയ മരുന്നുനിർമാണക്കമ്പനികൾ പറയുന്നു.

യുകെയിൽ പുതിയ കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ യുകെയിൽ നിന്നും അമേരിക്കയിലേക്ക് പുറപ്പെടുന്നവർ നിർബന്ധമായും കൊവിഡ് ടെസ്റ്റ് നെഗറ്റീവാണെന്നുള്ള രേഖകൾ കൈവശം വെയ്ക്കണമെന്ന് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

72 മണിക്കൂറിനുള്ളിൽ പരിശോധിച്ച പിസിആർ അല്ലെങ്കിൽ ആന്റിജൻ ടെസ്റ്റിന്റെ റിസൽട്ടും മറ്റു ലബോറട്ടറി ടെസ്റ്റുകളുടെ ഹാർഡ് കോപ്പിയോ ഇലക്ട്രോണിക് കോപ്പിയോ ബോർ‍ഡിംഗിനു മുൻപ് അധികൃതരെ എൽപ്പിക്കേണ്ടതാണെന്ന് സിഡിസി അറിയിച്ചിട്ടുണ്ട്. നിർദേശങ്ങൾ അനുസരിക്കാത്തവർക്ക് യാത്ര നിഷേധിക്കുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

യുകെയിൽ പൊട്ടിപുറപ്പെട്ട പുതിയ വൈറസ് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കാതിരിക്കുന്നതിന്റെ ഭാഗമായി അമ്പതോളം രാജ്യങ്ങൾ യുകെയിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 25 വെള്ളയാഴ്ച ഒപ്പുവെക്കുന്ന പുതിയ മാർഗനിർദേശങ്ങൾ ഡിസംബർ 28 തിങ്കളാഴ്ച മുതൽ നിലവിൽ വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.