1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2016

സ്വന്തം ലേഖകന്‍: വായനക്കാരെ കിട്ടാനില്ല, ബ്രിട്ടീഷ് പത്രമായ ന്യൂഡേ പത്രം അടച്ചു പൂട്ടുന്നു. വെള്ളിയാഴ്ചത്തെ അമ്പതാം എഡീഷനോടെ പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നതായി പ്രസാധകരായ ട്രിനിറ്റി മിറര്‍ അറിയിച്ചു. വെള്ളിയാഴ്ചകളില്‍ മാത്രം പുറത്തുവന്നിരുന്ന പത്രം വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് അടച്ചു പൂട്ടാന്‍ പ്രസാധകര്‍ തീരുമാനിക്കുകയായിരുന്നു.

തുടങ്ങിയ കാലം മുതല്‍ രാഷ്ട്രീയത്തില്‍ നിഷ്പക്ഷ നിലപാട് എടുത്തിരുന്ന പത്രം ഫെബ്രുവരിയില്‍ തുടങ്ങി വെറും ഒമ്പതാഴ്ചയ്ക്ക് ശേഷമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഫെബ്രുവരിയില്‍ 20 ലക്ഷം പ്രതികള്‍ സൗജന്യമായി നല്‍കി തുടങ്ങിയ പത്രത്തിന് പിന്നീട് വില്‍പ്പന കുറയുകയായിരുന്നു.

പത്രം അടച്ചു പൂട്ടുന്ന വിവരം ബുധനാഴ്ചയാണ് പ്രസാധകര്‍ പുറത്തുവിട്ടത്. ഓഹരി വിപണിയില്‍ മൂക്കും കുത്തി വീണ പത്രം ഈ നിലയില്‍ തുടര്‍ന്നിരുന്നെങ്കില്‍ ആദ്യ വര്‍ഷം പത്തു ലക്ഷം പൗണ്ട് നഷ്ടം വരുമായിരുന്നു എന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടു ലക്ഷം കോപ്പിയാണ് ദിനംപ്രതി ലക്ഷ്യമിട്ടിരുന്നതെങ്കിലും വെറും 40,000 പ്രതികളാണ് പത്രത്തിന്റെ വില്‍പ്പന.

ഭാവിയില്‍ വായനക്കാര്‍ പത്രം വാങ്ങി വായിക്കുന്നത് ഇനിയും കുറയുമെന്ന് മുന്നില്‍ കണ്ടാണ് അച്ചടി അവസാനിപ്പിക്കുന്നതെന്ന് പ്രസാധകര്‍ പറഞ്ഞു. ബാഡ് ന്യൂസ് എന്ന തലക്കെട്ടില്‍ വിവരം ന്യൂഡേ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാളത്തെ എഡീഷന്‍ ഒരുപക്ഷേ അവസാനമായേക്കുമെന്നും വില്‍പ്പന ലക്ഷ്യം വരിക്കാന്‍ ആവുന്നതെല്ലാം ചെയ്തിട്ടും സംഖ്യ ഉദ്ദേശിക്കുന്നിടത്ത് എത്തുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.