1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2016

സ്വന്തം ലേഖകന്‍: മന്‍ഹാട്ടന്‍, ന്യൂജേഴ്‌സി സ്‌ഫോടന പരമ്പര, അഫ്ഗാന്‍ വംശജനായ അമേരിക്കന്‍ യുവാവ് പിടിയില്‍. ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനിലും ന്യൂജേഴ്‌സിയിലും ശനിയാഴ്ച നടന്ന സ്‌ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്ന അഫ്ഗാന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ അഹമ്മദ് ഖാന്‍ റഹ്മിയെ (28) യാണ് എഫ്ബിഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്.

ന്യൂജേഴ്‌സിയിലെ എലിസബത്തില്‍ താമസിക്കുന്ന ഇയാളെ എലിസബത്തില്‍നിന്നു നാലു മൈല്‍ അകലെ ലിന്‍ഡനില്‍നിന്നാണു പിടികൂടിയത്. അറസ്റ്റിനിടെ റഹ്മിയും പോലീസും തമ്മില്‍ വെടിവയ്പു നടന്നു. വെടിവയ്പില്‍ രണ്ടു പോലീസ് ഓഫീസര്‍മാര്‍ക്കും റഹ്മിക്കും പരിക്കേറ്റു.

മന്‍ഹാട്ടനിലെ ചെല്‍സിയ ഡിസ്ട്രിക്ടില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 29 പേര്‍ക്കു പരിക്കേറ്റിരുന്നു. പ്രഷര്‍ കുക്കര്‍ ബോംബാണ് ഇവിടെ ഉപയോഗിച്ചത്. സംഭവ സ്ഥലത്തെ സിസി കാമറയില്‍ റഹ്മിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. 2013 ല്‍ ബോസ്റ്റണ്‍ മാരത്തണില്‍ പ്രഷര്‍കുക്കര്‍ ബോംബ് ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 260 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മന്‍ഹാട്ടനിലെ സ്‌ഫോടനത്തിനു മുമ്പ് ന്യൂജേഴ്‌സിയിലെ സീസൈഡ്പാര്‍ക്കില്‍ ബോംബ് സ്‌ഫോടനം നടന്നെങ്കിലും ആര്‍ക്കും പരിക്കില്ല. ന്യൂജേഴ്‌സിയിലെ എലിസബത്തിലെ റെയില്‍വേ സ്റ്റേഷനു സമീപം അഞ്ചു പൈപ്പ് ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്നതിനിടയില്‍ ഒരെണ്ണം പൊട്ടിത്തെറിച്ചു. മൂന്നു സ്‌ഫോടനങ്ങളും പരസ്പരം ബന്ധപ്പെട്ടതാണെന്നു കരുതുന്നതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.