1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2018

സ്വന്തം ലേഖകന്‍: എന്‍എച്ച്എസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ 20 ബില്യണ്‍ പൗണ്ടിന്റെ ധനസഹായം പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. പണക്കുറവും ജീവനക്കാരുടെ കുറവും കാരണം നട്ടംതിരിയുന്ന എന്‍എച്ച്എസിന് വര്‍ഷം തോറും അധികമായി 20 ബില്യണ്‍ പൗണ്ട് നല്‍കുമെന്നാണ് തെരേസ മേയുടെ വാഗ്ദാനം. ബ്രെക്‌സിറ്റ് ഡിവിഡണ്ടില്‍ നിന്നും ആദായനികുതി ഉയര്‍ത്തിയുമായിരിക്കും ഇതിനുള്ള പണം കണ്ടെത്തുകയെന്നാണ് സൂചന.

അടുത്ത മാസം എന്‍എച്ച്എസ് അതിന്റെ 70 ആം വര്‍ഷികം ആഘോഷിക്കുന്ന അവസരത്തിലാണ് പിറന്നാള്‍ സമ്മാനമെന്നോണം നിര്‍ണായകമായ ഫണ്ട് വാഗ്ദാനവുമായി തെരേസ മേയ് മുന്നോട്ട് വന്നിരിക്കുന്നത്. യുകെ യൂറോപ്യന്‍ യൂണിയന് നല്‍കിക്കൊണ്ടിരിക്കുന്ന വന്‍ തുക ബ്രെക്‌സിറ്റിനു ശേഷം നല്‍കേണ്ടതില്ലാത്തതിനാല്‍ വകമാറ്റി ആഴ്ച തോറും എന്‍എച്ച്എസിന് 350 മില്യണ്‍ പൗണ്ട് നല്‍കാമെന്നായിരുന്നു ബ്രെക്‌സിറ്റ് ക്യാമ്പയിനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം.

ഫോറിന്‍ സെക്രട്ടറിയും ബ്രെക്‌സിറ്റ് നേതാവുമായ ബോറിസ് ജോണ്‍സന്‍ ഇക്കാര്യം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോയി. ഈ സാഹചര്യത്തിലാണ് നിര്‍ണായക പ്രഖ്യാപനത്തിലൂടെ തെരേസാ മേയ് വിമര്‍ശകരുടെ വായടച്ചിരിക്കുന്നത്. പുതിയ പ്രഖ്യാപനമനുസരിച്ച് 2023, 24 സാമ്പത്തിക വര്‍ഷം മുതലാണ് ഈ അധികം ധനസഹായം ലഭ്യമാകുക.

എന്നാല്‍ പ്രധാനമന്ത്രി നല്‍കാമെന്നേറ്റിരിക്കുന്ന 20 ബില്യണ്‍ പൗണ്ടില്‍ വെറും 9 ബില്യണ്‍ പൗണ്ട് മാത്രമേ ബ്രെക്‌സിറ്റ് ഡിവിഡണ്ടിലൂടെ സമാഹരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് നിരീക്ഷര്‍ ചൂണ്ടിക്കാട്ടുന്നു. ശേഷിക്കുന്ന 11 ബില്യണ്‍ പൗണ്ട് കണ്ടെത്താന്‍ ആദായ നികുതി അടക്കമുള്ള നികുതികള്‍ കൂട്ടാതെ മേയ് സര്‍ക്കാരിനു മുന്നില്‍ മറ്റു വഴികളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ എന്‍എച്ച്എസിന് ഫണ്ട് സമാഹരിക്കാനായി കൂടുതലായി കടമെടുക്കാനും സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.