1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2015

സപ്തദിന ജോലി എന്ന സര്‍ക്കാര്‍ ആവശ്യത്തെ ചൊല്ലി ആരോഗ്യ മന്ത്രാലയവും ജീവനക്കാരും തമ്മില്‍നിലനില്‍ക്കുന്ന തര്‍ക്കം മൂര്‍ച്ഛിക്കുന്നു. എല്ലാ ദിവസവും അധിക സമയം ജോലി ചെയ്യുകയും വീക്കെന്‍ഡുകളില്‍ പോലും ജോലിക്കെത്തുകയും ചെയ്യുന്ന ജീവനക്കാരെ കുറിച്ച് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞ് പ്രചരിപ്പിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യമാണെന്ന് ബ്രിട്ടീഷ് ഡോക്ടര്‍മാരുടെ സംഘടനാ നേതാവ് പറഞ്ഞു. ഡോക്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ പത്തില്‍ ഒമ്പത് പേരും ഇപ്പോള്‍ തന്നെ വീക്കെന്‍ഡുകളില്‍ ജോലി ചെയ്യുന്നവരാണെന്നും ജെറമി ഹണ്ട് പറയുന്നത് ശരിയല്ലെന്നും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. മാര്‍ക്ക് പോര്‍ട്ടര്‍ പറഞ്ഞു.

സീനിയര്‍ ഡോക്ടര്‍മാരുടെ ഉള്‍പ്പെടെ പ്രൊഫഷണലിസത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രസ്താവനയാണ് ജെറമി ഹണ്ടിന്റെ ഭാഗത്ത്‌നിന്നുണ്ടായിരിക്കുന്നത് എന്ന് പോര്‍ട്ടര്‍ കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രസ്താവനയെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ ജീവനക്കാര്‍ ക്ഷോഭത്തിലാണെന്നും പോര്‍ട്ടര്‍ അഭിപ്രായപ്പെട്ടു.

ജെറമി ഹണ്ടിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്റിലേക്ക് സമര്‍പ്പിച്ചിരിക്കുന്ന പെറ്റീഷനില്‍ 200,000 ആളുകളാണ് ഒപ്പിട്ടിരിക്കുന്നത്. എന്നാല്‍, ബിഎംഎ ഇതില്‍ രാഷ്ട്രീയം തിരുകി കയറ്റാന്‍ ശ്രമിക്കുകയാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ആരോപണം. സപ്തദിന സേവനം എന്ന ലക്ഷ്യത്തെയും ചര്‍ച്ചാ വിഷയത്തെയും മാറ്റി ഡോക്ടര്‍മാരും രാഷ്ട്രീയക്കാരും തമ്മിലുള്ള പോര് എന്ന രീതിയിലാണ് സംഭവങ്ങളെ ബിഎംഎ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.

ബിഎംഎ അവരുടെ സംഘടനയിലുള്ള 900 കണ്‍സല്‍ട്ടന്റുകളില്‍ നടത്തിയ സര്‍വെയില്‍ 88 ശതമാനം ഡോക്ടര്‍മാരും നോണ്‍ റെസിഡന്റ് ഓണ്‍ കോള്‍ റോട്ടയിലാണ് – അതായത് രാത്രിയെന്നോ പകലെന്നോ വീക്കെന്‍ഡെന്നോ വ്യത്യാസമില്ലാതെ ആശുപത്രിയില്‍ എപ്പോള്‍ എമര്‍ജന്‍സി വന്നാലും എത്തണം.

സെപ്തംബറാണ് ആരോഗ്യ മന്ത്രാലയം ഡോക്ടര്‍മാര്‍ക്ക് കോണ്‍ട്രാക്ട് ഒപ്പിടാന്‍ അനുവദിച്ചിരിക്കുന്ന അവസാന സമയം. ഇതിന് മുന്നോടിയായി ജൂണിയര്‍ ഡോക്ടര്‍മാരോടും കണ്‍സല്‍ട്ടന്റ്‌സിനോടും ചര്‍ച്ച നടത്തി കാര്യങ്ങള്‍ക്ക് അന്തിമ തീരുമാനം ഉണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് ബിഎംഎ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.