1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2018

സ്വന്തം ലേഖകന്‍: ലിബിയന്‍ ഏകാധിപതിയായിരുന്ന കേണല്‍ ഗദ്ദാഫിയില്‍നിന്ന് സംഭാവന; മുന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസി അഴിയെണ്ണിയേക്കും. ഗദ്ദാഫിയില്‍നിന്ന് തിരഞ്ഞെടുപ്പു പ്രചാരണത്തിനു സംഭാവന കൈപ്പറ്റിയ കേസില്‍ നിക്കോളാസ് സര്‍ക്കോസി കസ്റ്റഡിയില്‍. 2007ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണകാലത്താണു സര്‍ക്കോസി ലിബിയന്‍ ഏകാധിപതിയുടെ ദൂതന്മാരില്‍ നിന്ന് 50 ലക്ഷം യൂറോ (40 കോടി രൂപ) കൈപ്പറ്റിയത്.

ചോദ്യംചെയ്യലിനു ഹാജരാകാനുള്ള സമന്‍സ് സര്‍ക്കോസി ഇതുവരെ അവഗണിക്കുകയായിരുന്നു. ഇതേ കേസില്‍ ഏതാനും ആഴ്ചകള്‍ മുന്‍പു സര്‍ക്കോസിയുടെ വിശ്വസ്തരിലൊരാളായ അലെക്‌സാന്ദ്ര് ജുഹ്‌റിയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തിരുന്നു. സര്‍ക്കോസിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ധനസഹായം ചെയ്തിരുന്നെന്നു ഗദ്ദാഫിയും മകന്‍ സെയ്ഫ് അല്‍ ഇസ്‌ലാമും അവകാശവാദം ഉന്നയിച്ചതു മുതല്‍ ജുഹ്‌റി നിരീക്ഷണത്തിലായിരുന്നു.

സര്‍ക്കോസി മന്ത്രിസഭയിലുണ്ടായിരുന്ന ബ്രിസ് ഓര്‍തെഫോയെയും ചോദ്യംചെയ്തു. 2013ല്‍ സിയദ് തകിയെദിന്‍ എന്ന ബിസിനസുകാരന്റെ വെളിപ്പെടുത്തലുകളാണു ലിബിയന്‍ സംഭാവനക്കേസില്‍ അന്വേഷണത്തിനു വഴിതുറന്നത്. ഗദ്ദാഫി കൊടുത്തുവിട്ട പണം നിറച്ച മൂന്നു പെട്ടികള്‍ മൂന്നു തവണയായി സര്‍ക്കോസിക്ക് എത്തിച്ചുകൊടുത്തതു താനാണെന്നായിരുന്നു കുറ്റസമ്മതം. 2012ലെ തിരഞ്ഞെടുപ്പുകാലത്തു പണം വഴിമാറ്റി ചെലവഴിച്ച കേസും സര്‍ക്കോസിയുടെ പേരിലുണ്ട്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.