1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2016

സ്വന്തം ലേഖകന്‍: യുകിപ് നേതാവ് നൈഗല്‍ ഫരാഷിനെ യുഎസിലെ ബ്രിട്ടീഷ് അംബാസഡറാക്കണമെന്ന ട്രംപിന്റെ ആവശ്യം ബ്രിട്ടന്‍ തള്ളി. ഫരാഷിനെ യുഎസ് അംബാസഡറായി നിയമിക്കണമെന്ന ട്രംപിന്റെ നിര്‍ദേശത്തിന് നിലവില്‍ അങ്ങനെയൊരു സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി തെരേസാ മേയുടെ ഓഫീസ് മറുപടി നല്‍കി.

ട്രംപിന്റെ തെരഞ്ഞെടുപ്പു വിജയത്തെത്തുടര്‍ന്നു ഫരാഷ് നേരിട്ട് അമേരിക്കയിലെത്തി അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഇരുനേതാക്കളും തമ്മില്‍ ആശയപരമായും വ്യക്തിപരമായും നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ട്രംപും ഫരാഷും മുന്‍നിരയില്‍ സ്ഥാനം പിടിച്ചത് തീവ്ര ദേശീയതയും കുടിയേറ്റ വിരുദ്ധതയും പ്രധാന വിഷയങ്ങളായി ഉന്നയിച്ചാണ് എന്നതും ശ്രദ്ധേയമാണ്.

അതേസമയം അമേരിക്കയുടെ നിയുക്ത പ്രസിഡന്റിനെ ജനുവരി 20ന് സ്ഥാനമേറ്റാലുടന്‍ ബ്രിട്ടനിലേക്ക് ക്ഷണിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി തെരേസ മേയുടെ ഓഫീസ് സൂചന നല്‍കി. വിവാദ പ്രസ്താവനകളെ തുടര്‍ന്ന് ട്രംപിന് ബ്രിട്ടനില്‍ പ്രവേശനം നിഷേധിക്കണമെന്ന് എംപിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുന്‍പ് വാദിച്ചിരുന്നു.

സര്‍ക്കാരിനുവേണ്ടി ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് II ഡൊണാള്‍ഡ് ട്രംപിനെ ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ട്. തന്റെ അമ്മ ബ്രിട്ടീഷ് രാജ്ഞിയുടെ ആരാധികയായിരുന്നു എന്ന് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ബ്രിട്ടന്റെ ക്ഷണം ഡൊണാള്‍ഡ് ട്രംപ് തള്ളിക്കളയില്ല എന്നാണ് ബ്രിട്ടന്‍ പ്രതീക്ഷിക്കുന്നത്.

പതിറ്റാണ്ടുകളായി ബ്രിട്ടന്റെ സൗഹൃദ രാഷ്ട്രമാണ് അമേരിക്ക. ബ്രെക്‌സിറ്റ് നടപടികളുമായി മുന്നോട്ടുപോകുന്നതിനും ബ്രിട്ടന് അമേരിക്കയുടെ ശക്തമായ പിന്തുണ ആവശ്യമാണ്. കൂടാതെ നയതന്ത്രതലത്തിലും അമേരിക്കന്‍ പ്രസിഡന്റിനെ ഔദ്യോഗിക സന്ദര്‍ശനത്തിന് വളരെയധികം പ്രസക്തിയുണ്ട്.

അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ബ്രിട്ടീഷ് രാജ്ഞി ഡൊണാള്‍ഡ് ട്രംപിന് അഭിനന്ദനസന്ദേശം അയച്ചിരുന്നു. അടുത്ത വര്‍ഷം ജൂണിലോ, ജൂലൈയിലോ ട്രംപിനെ ബ്രിട്ടന്‍ സന്ദര്‍ശിക്കുവാനായി എത്തിക്കുവാനാണ് ബ്രിട്ടന്റെ ശ്രമം. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ 2011ല്‍ ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.