1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2016

സ്വന്തം ലേഖകന്‍: നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റ് വേട്ട, മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജും വനിതാ നേതാവും കൊല്ലപ്പെട്ടു. എഞ്ചിനീയറായ കുപ്പു ദേവരാജ് കര്‍ണാടക സ്വദേശിയാണ്. മാവോയിസ്റ്റ് കര്‍ണാടക സെക്രട്ടറിയായിരുന്നു ഇയാളാണ് കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട വനിതാ നേതാവിന്റെ പേര് അജിതയാണെന്നാണ് സൂചന. പരുക്കേറ്റ മൂന്നാമതൊരു മാവോയിസ്റ്റ് പോലീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൂന്ന് മാവോയിസ്റ്റുകള്‍ മലപ്പുറം കരുളായിലെ വനത്തില്‍ വനത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് സംഘവുമായി ഏറ്റുമുട്ടിയതായി പോലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം.
നിലമ്പൂര്‍ സൗത്ത് ഡിവിഷന് കീഴിലുള്ള കരുളായി റേഞ്ചില്‍ ഉള്‍പ്പെട്ട ജനവാസ കേന്ദ്രത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഇവിടെ മാവോയിസ്റ്റുകളുടെ ബേസ് ക്യാംപ് പ്രവര്‍ത്തിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഈ മേഖലയില്‍ പരിശോധന ശക്തമാക്കിയത്. തണ്ടര്‍ ബോള്‍ട്ടും മലപ്പുറം എസ്.പിയുടെ സംഘത്തിലുള്ള പോലീസുകാരും ഉള്‍പ്പെടെ അറുപതംഗ ടീമാണ് തെരച്ചില്‍ നടത്തിയത്.

കഴിഞ്ഞ മാസം മുണ്ടക്കടവ് കോളനിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിന് ശേഷം ഈ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് തുടര്‍ച്ചയായി പരിശോധന നടത്തി വരികയായിരുന്നു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ നിലമ്പൂരിലെയും സൈലന്റ് വാലിയിലെയും പോലീസ്‌ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകളുമായി നേരിട്ടു ഏറ്റുമുട്ടുന്നത് മൂന്നാമത്തെ തവണയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 26ന് മുണ്ടക്കടവ് കോളനിക്കു സമീപം പോലീസിനു നേരേ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തിരുന്നു. വെടിവയ്പ്പില്‍ പോലീസ് ജീപ്പിനു തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു. തലനാരിഴക്കാണ് അന്നു പോലീസ് രക്ഷപ്പെട്ടത്. തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങള്‍ ഉള്‍പ്പടെ ദിവസങ്ങളോളം വനത്തില്‍ പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാന്‍ സാധിച്ചിരുന്നില്ല.

ആദിവാസികളെ മറയാക്കി കഴിഞ്ഞ ഒരു വര്‍ഷമായി നിലമ്പൂര്‍ കേന്ദ്രീകരിച്ചു സ്ഥിരമായി പ്രവര്‍ത്തിക്കുകയായിരുന്നു പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘം. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പിഎല്‍ജിഎ) സംഘത്തിന്റെ സീനിയര്‍ മാവോയിസ്റ്റ് ലീഡറാണ് കുപ്പു ദേവരാജ്. വിവിധ കേന്ദ്രങ്ങള്‍ മാറി മാറി തമ്പടിക്കുന്ന മാവോയിസ്റ്റ് സംഘം കഴിഞ്ഞ ഒരു വര്‍ഷമായി നിലമ്പൂര്‍ സ്ഥിരം താവളമാക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.