1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2017

സ്വന്തം ലേഖകന്‍: സന്ദര്‍ശനമൊക്കെ നല്ലതു തന്നെ, പക്ഷെ അതിര്‍ത്തിക്കരാര്‍ ഓര്‍മ വേണം, ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ സിക്കിം സന്ദര്‍ശനത്തെ പരാമര്‍ശിച്ച് ചൈനീസ് മാധ്യമങ്ങള്‍. ഇന്ത്യയുമായി ചൈന അതിര്‍ത്തി പങ്കിടുന്ന നാഥുലാ സൈനിക പോസ്റ്റ് സന്ദര്‍ശിച്ച പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അംഗങ്ങളെ ‘നമസ്‌തേ’യുടെ അര്‍ഥം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

സമാധാനത്തിലേക്കുള്ള പുതിയ പാത തുറക്കുന്നതിന്റെ സൂചനയായാണ് ചൈനീസ് നയതന്ത്ര വിദഗ്ധര്‍ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചതെങ്കിലും 1890ല്‍ ബ്രിട്ടനുമായുണ്ടാക്കിയ കരാര്‍ പ്രകാരം നിര്‍ണയിച്ച അതിര്‍ത്തിയെപ്പറ്റി ഇന്ത്യയ്ക്ക് ഓര്‍മ വേണമെന്ന് ചൈന വ്യക്തമാക്കി. അതിര്‍ത്തി തര്‍ക്കത്തില്‍ ഇപ്പോഴും ചൈന മുന്നോട്ടു വയ്ക്കുന്നത് ഈ കരാറാണ്. 1888ലെ സിക്കിം യുദ്ധത്തെത്തുടര്‍ന്നു ബ്രിട്ടന്റെ മേധാവിത്വത്തെ അംഗീകരിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടതാണ് 1890 ലെ കരാര്‍.

സിക്കിമുമായി ചേര്‍ന്നുള്ള ടിബറ്റിന്റെ അതിര്‍ത്തി പ്രദേശം സംബന്ധിച്ച് കരാറില്‍ കൃത്യമായ ധാരണയുണ്ട്. ഇതനുസരിച്ച് മുന്നോട്ടു പോകാന്‍ ഇന്ത്യ തയാറായാല്‍ അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കാന്‍ തങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് ചൈന ഉറപ്പു നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകളും ഉടമ്പടികളും അനുസരിച്ച് അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ക്കാന്‍ ചൈന തയാറാണ്. 1890ലെ അതിര്‍ത്തികരാറിലെ ‘നിര്‍ണായക സാക്ഷി’യാണ് നാഥുലായെന്നും ചൈന പ്രതികരിച്ചു.

അതിനിടെ, ദോക് ലാ സംഭവത്തെത്തുടര്‍ന്ന് വിള്ളലുണ്ടായ ഇന്ത്യ–ചൈന ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നല്ല സന്ദേശമാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ ചൈനയ്ക്കു ലഭിച്ചിരിക്കുന്നതെന്നു ചൈനീസ് മാധ്യമങ്ങള്‍ വ്യക്തമാക്കി. പിഎല്‍എ അംഗങ്ങളുമായി നാഥുലായില്‍ പ്രതിരോധമന്ത്രി സംസാരിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണു ചൈനയുടെ ഔദ്യോഗിക ചാനല്‍ സിജിടിഎന്‍ വാര്‍ത്ത നല്‍കിയത്. ചൈനീസ് സൈന്യത്തെ അഭിവാദ്യം ചെയ്യുന്ന ഇന്ത്യന്‍ പ്രതിരോധമന്ത്രി എന്നായിരുന്നു വിശേഷണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.