1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2017

സ്വന്തം ലേഖകന്‍: ബിജെപിയുടെ തേരിലേറി നിതീഷ് കുമാര്‍ വീണ്ടും ബിഹാര്‍ മുഖ്യമന്ത്രി, നിതീഷ് അവസരവാദിയാണെന്ന് ലാലു പ്രസാദ് യാദവ്, കേന്ദ്ര നേതൃത്വത്തെ കൈവിട്ട് ജെഡിയു കേരള ഘടകം. ബിജെപിയുടെ പിന്തുണയോടെ ബീഹാറില്‍ ആറാമതു തവണ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിനൊപ്പ രൂപീകരിച്ച മഹാസഖ്യത്തില്‍ നിന്നും പുറത്തു വന്ന നിതീഷ്‌കുമാറും ജെഡിയുവും ബിജെപിയുടെ പിന്തുണ സ്വീകരിക്കുകയായിരുന്നു.

സുശീല്‍ കുമാര്‍ മോഡി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. നിതീഷ് ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. പാറ്റ്‌നയില്‍ നടന്ന ചടങ്ങിന് പിന്നാലെ രണ്ടു ദിവസത്തിനുള്ളില്‍ നിതീഷ്‌കുമാര്‍ തന്റെ ഭൂരിപക്ഷം തെളിയിക്കും. അത്യന്തം നാടകീയമായി കഴിഞ്ഞ ദിവസം രാജി വെയ്ക്കുകയും തൊട്ടുപിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറെ സമീപിക്കുകയുമായിരുന്നു നിതീഷ്. ബീഹാറിലെ കക്ഷി നില അനുസരിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷി ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡി യാണ്.

80 സീറ്റുള്ള അവര്‍ക്ക് പിന്നിലാണ് നിതീഷിന്റെ ജെഡിയു. 71 സീറ്റുകളുള്ള ജെഡിയു നേതാവ് നിതീഷ് 53 സീറ്റുകളുമായി മൂന്നാം സ്ഥാനത്തുള്ള ബിജെപിയുടെ പിന്തുണയൂണ്ടെന്ന് ഗവര്‍ണറെ ബോദ്ധ്യപ്പെടുത്തിയതോടെ പുതിയ സഖ്യത്തെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. 243 സീറ്റുകളുള്ള ബീഹാര്‍ അസംബ്‌ളിയില്‍ ജെഡിയുവും ബിജെപിയും കൈകോര്‍ക്കുമ്പോള്‍ സീറ്റുകള്‍ നേര്‍ പകുതിയോളം വരും. 122 സീറ്റുകളാണ് ഭരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം. ഇതോടെ രണ്ടു വര്‍ഷം പ്രായമായ കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്‍പ്പെടെ 18 പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമാണ് തകര്‍ന്നത്.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും തങ്ങളെ ക്ഷണിക്കാത്തതില്‍ ലാലുപ്രസാദിന്റെ പുത്രനും വിവാദ നായകനുമായി മാറിയ തേജസ്വീ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അഴിമതി ആരോപണത്തിനു പിന്നാലെ സിബിഐ റെയ്ഡ് നടത്തിയിട്ടും ബിഹാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്ന് തേജസ്വി നിലപാട് എടുത്തതാണ് നാടകീയമായി രാജി പ്രഖ്യാപിക്കാന്‍ നിതീഷിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിഹാറിലെ മഹാസഖ്യം തകര്‍ത്ത് ബിജെപിയുമൊന്നിച്ച് സര്‍ക്കാരുണ്ടാക്കിയ നിതീഷ് കുമാര്‍ അവസരവാദിയാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. നിതീഷ് ബിഹാറിന്റെ ജനവിധിയെ അപമാനിച്ചുവെന്ന് ലാലു പറഞ്ഞു.

എന്റെ ഇളയ സഹോദരനെ പോലെയാണ് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നത്. പക്ഷേ നിതീഷ് എന്നെ ചതിച്ചു. തന്റെ വീടുകളില്‍ സിബിഐ റെയ്ഡ് നടത്തിയതിന് പിന്നില്‍ നിതീഷ് കുമാറാണെന്നും ലാലു ആരോപിച്ചു. തേജസ്വി യാദവിന്റെ പ്രശസ്തിയില്‍ അസൂയപൂണ്ട നിതീഷ് തന്നോട് വിശ്വാസ വഞ്ചന കാണിക്കുകയായിരുന്നുവെന്നും ലാലു പറഞ്ഞു. അതേസമയം എന്‍.ഡി.എയുടെ ഭാഗമാകാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.

നിതീഷിന്റെ തീരുമാനം തന്നെ ഞെട്ടിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യസഭാംഗത്വം പോയാലും അതൊന്നും കാര്യമാക്കില്ലെന്നും എന്തുവില കൊടുക്കേണ്ടി വന്നാലും തീരുമാനം അംഗീകരിക്കില്ലെന്നും വീരേന്ദ്രകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ കേരള ഘടകം നിതീഷിനൊപ്പം നില്‍ക്കില്ല. ഇക്കാര്യം പാര്‍ട്ടി നേതാവ് ശരദ് യാദവിനെക്കണ്ട് അറിയിച്ചതായും ഇതിനെതിരേ എല്ലാ എം.പിമാരും നേതാക്കളും സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതായും വീരേന്ദ്രകുമാര്‍ പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.