1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2017

സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാരെപ്പറ്റി വിവരമില്ല, കൈമലര്‍ത്തി ഇറാഖ് വിദേശകാര്യ മന്ത്രി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഒന്നുമില്ലെന്ന് ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ജാഫരി. അവര്‍ ജീവനോടെയുണ്ടോ ഇല്ലയോ എന്നതിനെ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. 

ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയതാണ് ഇബ്രാഹിം അല്‍ ജാഫരി. കാണാതായ ഇന്ത്യക്കാരെപ്പറ്റിയുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെയും അവരുടെ കുടുംബാംഗങ്ങളുടെയും ആശങ്കകള്‍ ഇറാഖ് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും ഇവരെ കണ്ടെത്താനായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്ത് ത്യാഗം സഹിച്ചും തിരച്ചില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കാണാതായ ഇന്ത്യക്കാര്‍ ഇറാഖിലെ ഗ്രാമമായ ബാദുഷിയിലെ ജയിലില്‍ ഉണ്ടാകാമെന്നു കഴിഞ്ഞ ദിവസം സുഷമാ സ്വരാജ് പറഞ്ഞിരുന്നു. ഇറാഖ് സന്ദര്‍ശിക്കുന്ന വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിന് ഇക്കാര്യത്തെക്കുറിച്ച് സൂചന ലഭിച്ചതായും സുഷമ വ്യക്തമാക്കിയിരുന്നു. ഇസ്!ലാമിക് സ്റ്റേറ്റ് ഭീകരരും ഇറാഖി സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സ്ഥലമാണ് ബാദുഷ്.

മൊസൂള്‍ നഗരത്തില്‍നിന്നും ഐഎസ് ഭീകരരെ ഇറാഖി സേന തുരത്തിയിരുന്നു. എന്നാല്‍ ഉത്തര ഇറാഖിലെ ബാദുഷ് ഗ്രാമം ഇപ്പോഴും ഭീകരരുടെ നിയന്ത്രണത്തിലാണ്. 2014 ജൂണ്‍ 17നാണ് 39 ഇന്ത്യക്കാരെ ഇറാഖില്‍ കാണാതായെന്ന് വിവരം ലഭിക്കുന്നത്. ഇതേപ്പറ്റി കൂടുതല്‍ വിവരം അല്‍ ജാഫിരിയുടെ സന്ദര്‍ശനത്തിനിടെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കാണാതായവരുടെ ബന്ധുക്കളും ഇന്ത്യന്‍ സര്‍ക്കാരും. 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.