1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2020

സ്വന്തം ലേഖകൻ: ഇറാന്‍-അമേരിക്ക സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ യുഎഇയും ഇസ്രായേലും ആക്രമിക്കപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇറാഖിലെ സൈനിക താവളങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമങ്ങളില്‍ അമേരിക്ക തിരിച്ചടിച്ചാല്‍ ദുബായിയേയും ഇസ്രയേലിനേയും ആക്രമിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡായിരുന്നു ഭീഷണിപ്പെടുത്തിയത്.

ഇതോടെയാണ് യുഎഇയിലേക്ക് യാത്രചെയ്യുന്നത് സുരക്ഷിതമല്ലെന്ന് വിവിധ രാജ്യങ്ങളുടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദുബായിക്ക് യാതൊരു സുരക്ഷാ ഭീഷണിയും ഇല്ലെന്നാണ് ദുബായി മീഡിയാ ഓഫീസ് അറിയിക്കുന്നത്.

ഇര്‍ബിലിലേയും അല്‍ അസദിലേയും യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ മിസൈല്‍ ആക്രമണത്തിന് പ്രതികാരമായി യുഎസ് തങ്ങളെ ആക്രമിച്ചാല്‍ ദുബായിയേയും ഇസ്രയേലിനേയും അക്രമിക്കുമെന്നായിരുന്നു ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്‍റെ ഭീഷണി. ഇറാന്‍റെ ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ ഐആര്‍എന്‍എ ആണ് ഇക്കാര്യം പുറത്ത് വിട്ടത്.

ഇറാന്‍റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഈ ഭീഷണി തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു. അമേരിക്കയുടെ എല്ലാ സഖ്യരാജ്യങ്ങളേയും തങ്ങള്‍ താക്കീത് ചെയ്യുകയാണ്. തീവ്രവാദികളുടെ സംഘമായ യുഎസ് സൈന്യത്തിന് താവളമൊരുക്കാന്‍ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കുന്ന അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ സൂക്ഷിക്കണമെന്നും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ഭീഷണിപ്പെടുത്തി.

ഇറാനെതിരെ നിങ്ങളുടെ മണ്ണിലെ കേന്ദ്രങ്ങളില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള നീക്കം ഉണ്ടായാല്‍ അവിടം ഞങ്ങളുടെ ലക്ഷ്യമായിരിക്കും. ആവശ്യമെങ്കില്‍ യുഎഇയിലെ ദുബായിലും ഇസ്രയേലിലെ ഹൈഫയില്‍ ഞങ്ങള്‍ ബോംബിടുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പില്‍ പറഞ്ഞു.

എന്നാല്‍ യുഎസ്-ഇറാന്‍ വിഷയത്തില്‍ ദുബായിക്ക് യാതൊരു വിധ സുരക്ഷാ ഭീഷണിയും ഇല്ലെന്നാണ് ദുബായി മീഡിയാ ഓഫീസ് അറിയിക്കുന്നത്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മീഡിയാ ഓഫീസ് നിര്‍ദ്ദേശിക്കുന്നു. ഇറാൻ സർക്കാർ വൃത്തങ്ങളിൽ നിന്ന് ദുബായിയെ അക്രമിക്കുമെന്നതരത്തില്‍ മുന്നറിയിപ്പ് വന്നിട്ടില്ലെന്നും മീഡിയ ഓഫീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.