1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2015

സ്വന്തം ലേഖകന്‍: വൈദ്യശാസ്ത്ര നൊബേല്‍ മൂന്നു പേര്‍ പങ്കുവച്ചു, പുരസ്‌കാരം ഉരുളന്‍ വിരകള്‍ക്കും മലമ്പനിക്കുമുള്ള മരുന്നു കണ്ടുപിടിച്ചതിന്. ഉരുളന്‍വിരകള്‍ (റൗണ്ട് വേം) ഉണ്ടാക്കുന്ന രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായ പുതിയ മരുന്നു കണ്ടുപിടിച്ചതിന് ഐറിഷ് ശാസ്ത്രജ്ഞനായ വില്യം സി. കാംപ്‌ബെല്‍, ജപ്പാന്‍കാരനായ സതോഷി ഒമൂറ എന്നിവര്‍ നൊബേല്‍ പങ്കിട്ടപ്പോള്‍ മലമ്പനിക്കെതിരെ പുതിയ ചികില്‍സാരീതി വികസിപ്പിച്ചതിനാണു ചൈനക്കാരി യുയൂ തുവിനു പുരസ്‌കാരം.

ഇതോടെ നൊബേല്‍ സമ്മാനം നേടുന്ന 13 മത്തെ വനിതയായി യുയൂ തു. എണ്‍പതു ലക്ഷം സ്വീഡിഷ് ക്രോണര്‍ (ഏകദേശം 6.27 കോടി രൂപ) ആണു സമ്മാനം. പകുതിത്തുക കാംപ്‌ബെല്ലും ഒമൂറയും പങ്കിടും. മറ്റേപ്പകുതി യുയൂ തുവിനു ലഭിക്കും. മലമ്പനി നിര്‍മാര്‍ജനം ചെയ്യാനുള്ള ശ്രമങ്ങള്‍ ഇനിയും വിജയിച്ചിട്ടില്ല. പഴയ മരുന്നുകള്‍ക്കു ശക്തി നഷ്ടമായ സാഹചര്യത്തിലാണു പ്രഫ. യൂയൂ ഇതിനായി പരമ്പരാഗത ഔഷധസസ്യങ്ങള്‍ ഉപയോഗിച്ചു പുതിയ മരുന്നു വികസിപ്പിച്ചത്.

ഉരുളന്‍ വിര അണുബാധ അന്ധതയ്ക്കും ത്വഗ്രോഗത്തിനും കടുത്ത സന്ധിവേദനയ്ക്കും കാരണമാകുന്നു. വില്യം സി. കാംപ്‌ബെലും സതോഷി ഒമൂറയും ഇതിനു പുതിയ മരുന്നു കണ്ടെത്തി. മൈക്രോബയോളജിസ്റ്റായ സതോഷി മണ്ണില്‍നിന്നു ശേഖരിച്ച സൂക്ഷ്മജീവികളെ വിരകളെ ചെറുക്കാനായി ഉപയോഗിക്കാമെന്നു കണ്ടെത്തിയതാണ് വഴിത്തിരിവായത്.

പാരസൈറ്റ് ബയോളജിസ്റ്റായ കാംപ്‌ബെല്‍ ഇതു മരുന്നായി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഈ മരുന്നുകൊണ്ടു ലോകമെമ്പാടും രോഗബാധിതരായ ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവിതത്തെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി നൊബേല്‍ സമ്മാന സമിതി അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.