1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2017

സ്വന്തം ലേഖകന്‍: ആരൊക്കെ എതിര്‍ത്താലും പരാജയപ്പെട്ട മിസൈല്‍ പരീക്ഷണം വീണ്ടു നടത്തുമെന്ന് ഉത്തര കൊറിയ, അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും ചര്‍ച്ചക്ക്. ഉത്തര കൊറിയന്‍ വിദേശകാര്യ സഹമന്ത്രി ഹാന്‍ സോംഗ് റയോളാണ് മിസൈല്‍ പരീക്ഷണം ഇനിയും നടത്തുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ആരെതിര്‍ത്താലും മിസൈല്‍ പരീക്ഷണങ്ങള്‍ തുടരും. ചിലപ്പോള്‍ ഓരോ ആഴ്ച കൂടുമ്പോള്‍ അല്ലെങ്കില്‍ ഓരോ മാസവും അതുമല്ലെങ്കില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ആയിരിക്കും മിസൈല്‍ പരീക്ഷണങ്ങള്‍ ഇനി നടത്തുകയെന്നും റയോള്‍ പറഞ്ഞു.

അമേരിക്കന്‍ സൈനിക നടപടി ഉണ്ടായാല്‍ അതിനെ ശക്തമായി നേരിടുമെന്നും റയോള്‍ വ്യക്തമാക്കി. അമേരിക്കയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് തിങ്കളാഴ്ചയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തള്ളിയ നിലപാടാണ് ഉത്തര കൊറിയന്‍ വിദേശകാര്യ സഹമന്ത്രി പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം എതിര്‍പ്പുകളെ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.

പരീക്ഷണം പരാജയപ്പെട്ടുവെങ്കിലും ഇനി ക്ഷമ പരീക്ഷിക്കരുതെന്ന് അമേരിക്കയടക്കം മുന്നറിയിപ്പ് നല്‍കി. ഇതിനു വെല്ലുവിളിയെന്നോണം ഉത്തര കൊറിയന്‍ രാഷ്ട്രസ്ഥാപകന്‍ കിം ഇല്‍ സുംഗിന്റെ 105 ആം ജന്മദിനം പ്രമാണിച്ച് തലസ്ഥാനമായ പ്യോംഗ്യാംഗില്‍ നടത്തിയ സൈനിക പരേഡില്‍ ആയുധ ശേഖരം പുറത്തെടുത്തിരുന്നു. സൈനിക പരേഡില്‍ രണ്ടു ഭൂഖണ്ഡാന്തര മിസൈലുകള്‍ ഉത്തരകൊറിയ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

മിസൈല്‍ പരീക്ഷണം നിര്‍ബാധം തുടരുമെന്ന ഉത്തരകൊറിയന്‍ മുന്നറിയിപ്പിനെത്തുടര്‍ന്ന് അമേരിക്ക, ദക്ഷിണകൊറിയ, ജപ്പാന്‍ പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടത്തും. ജപ്പാനില്‍ വച്ചാണ് മൂന്നു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രാലയ പ്രതിനിധികള്‍ ചര്‍ച്ച നടത്തുക. നിലവിലെ സ്ഥിതിഗതികളും കൈക്കൊള്ളേണ്ട നിലപാടുകളും സംബന്ധിച്ച് മൂന്നു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.