1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2019

സ്വന്തം ലേഖകന്‍: ലോകത്തെ ആണവ ഭീതിയിലാഴ്ത്തി വീണ്ടും മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ; മിസൈല്‍ വിക്ഷേപണ കേന്ദ്രം പുനര്‍നിര്‍മിക്കുന്നു. ഉത്തരകൊറിയ അടുത്ത മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതായി സൂചന. സൊഹായി ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നതായി ഉത്തരകൊറിയന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ‘ബിയോണ്ട് പാരലല്‍’ എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ഫെബ്രുവരി അവസാനം ഹാനോയിയില്‍ നടന്ന ഉച്ചകോടി അലസി രണ്ടു ദിവസത്തിനകമാണ് വിക്ഷേപണ കേന്ദ്രത്തില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അതിനാല്‍ തന്നെ അമേരിക്കയ്ക്കു മുന്നറിയിപ്പു നല്കാന്‍ പ്യോഗ്യാംഗ് മനപ്പൂര്‍വം നടത്തുന്ന നീക്കങ്ങളാണ് ഇതെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.

ഉത്തരകൊറിയക്കെതിരായ ഉപരോധങ്ങള്‍ മുഴുവന്‍ നീക്കണമെന്ന് ഹാനോയി ഉച്ചകോടിയില്‍ ട്രംപിനോടു കിം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആണവനിരായുധീകരണം പൂര്‍ത്തിയാകാതെ ഇക്കാര്യത്തില്‍ ചര്‍ച്ചയില്ലെന്നു ട്രംപ് തറപ്പിച്ചു പറഞ്ഞു. ഇതാണ് ഉച്ചകോടി അലസിപ്പിരിയാന്‍ കാരണം.

ഉച്ചകോടിക്കു പിന്നാലെ ഉപഗ്രഹങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളിലാണ് സൊഹായി വിക്ഷേപണ കേന്ദ്രത്തില്‍ ദ്രുതഗതിയില്‍ നടക്കുന്ന പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉത്തരകൊറിയയ്ക്കുള്ള ഏക ഉപഗ്രഹവിക്ഷേപണ കേന്ദ്രമാണിത്. ഉപഗ്രഹവിക്ഷേപണമെന്ന പേരില്‍ ഉത്തരകൊറിയ നടത്തുന്നത് യഥാര്‍ഥത്തില്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിലൈസുകളുടെ പരീക്ഷണങ്ങളാണ്.

കിമ്മും ട്രംപും കഴിഞ്ഞ വര്‍ഷം ജൂണില്‍ സിംഗപ്പൂരില്‍ നടത്തിയ ആദ്യ ഉച്ചകോടിക്കു പിന്നാലെ സൊഹായിയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. ഇപ്പോള്‍ ലോഞ്ച് പാഡ് അടക്കമുള്ള സംവിധാനങ്ങള്‍ അതിവേഗം ഒരുക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം മിസൈലുകളൊന്നും കണ്ടെത്തിയിട്ടില്ല. റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിക്കാന്‍ വൈറ്റ്ഹൗസ് വക്താവ് സാറാ സണ്ടേഴ്‌സ് തയാറായില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.