1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2018

സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ആണവ, മിസൈല്‍ പരീക്ഷണ കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര പരിശോധകര്‍ക്കു മുന്നില്‍ വാതില്‍ തുറക്കുന്നു; പരിശോധനയ്ക്ക് കിം ജോങ് ഉന്‍ സമ്മതിച്ചതായി മൈക്ക് പോംപെയോ. രാജ്യാന്തര പരിശോധന സംഘത്തിനാണ് പ്രവേശനം അനുവദിച്ചത്. ആണവനിരായുധീകരണത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടു കിമ്മുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇക്കാര്യം അറിയിച്ചത്.

സന്ദര്‍ശനം ഏതു രീതിയിലാകണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയശേഷം, ഒരു ആണവ കേന്ദ്രവും ഒരു മിസൈല്‍ നിര്‍മാണ കേന്ദ്രവുമാകും രാജ്യാന്തര നിരീക്ഷകര്‍ സന്ദര്‍ശിക്കുക. സന്ദര്‍ശനത്തിനു മുമ്പ് ഒട്ടേറെ കാര്യങ്ങളില്‍ ധാരണയിലെത്തേണ്ടതുണ്ടെന്നും പോംപെയോ ചൂണ്ടിക്കാട്ടി.

കിമ്മും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള രണ്ടാം കൂടിക്കാഴ്ച സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ഏകദേശ ധാരണയായെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. കൂടിക്കാഴ്ചയുടെ വേദിയും സമയവും തീരുമാനിക്കാന്‍ ധാരണയായിട്ടുണ്ട്. ജൂണില്‍ സിംഗപ്പൂരില്‍ നടന്ന ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയ്ക്കു ശേഷം രണ്ടാം കൂടിക്കാഴ്ച അഭ്യര്‍ഥിച്ച് കിം നേരത്തെ ട്രംപിന് കത്തയച്ചിരുന്നു. കൂടിക്കാഴ്ച എത്രയും പെട്ടെന്നു നടത്താനാണു തത്വത്തില്‍ ധാരണയിലെത്തിയിട്ടുള്ളത്.

പോംപെയോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കിം സന്തുഷ്ടി പ്രകടിപ്പിച്ചതായി ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സൗഹാര്‍ദ്ദപരവും ക്രിയാത്മകവുമായ ചര്‍ച്ചകളാണു നടന്നതെന്നും അഭിപ്രായങ്ങള്‍ പരസ്പരം കൈമാറിയതായും കിം അഭിപ്രായപ്പെട്ടു. ആണവ നിരായുധീകരണത്തിന്റെ കാര്യത്തില്‍ മറ്റൊരു നിര്‍ണായകമായ ചുവടുവയ്പ്പായിരുന്നു ചര്‍ച്ചയെന്നും ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്നുമാണ് പോംപെയോ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്.

ജൂലൈയില്‍ പോംപെയോ നടത്തിയ സന്ദര്‍ശനത്തോട് ഉത്തര കൊറിയ അത്ര അനുകൂലമല്ലാതെയായിരുന്നു പ്രതികരിച്ചിരുന്നത്. ഗുണ്ടാ തലവനെപ്പോലെ ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണു പോംപിയോ ചെയ്തതെന്നായിരുന്നു ഉത്തര കൊറിയയുടെ നിലപാട്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.