1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2015

സ്വന്തം ലേഖകന്‍: ഉത്തര കൊറിയക്കു നേരെ ദക്ഷിണ കൊറിയ കൈനീട്ടുന്നു, സിയൂളില്‍ നടക്കുന്ന സുരക്ഷാ യോഗത്തില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയന്‍ പ്രതിനിധിക്ക് ക്ഷണം. സെപ്തംബറിലാണ് അന്താരാഷ്ട്ര സുരക്ഷാ യോഗം നടക്കുക.

സെപ്തംബര്‍ ഒന്‍പത് മുതല്‍ 11 വരെ നടക്കുന്ന സിയൂള്‍ പ്രതിരോധ സംവാദം(എസ് ഡി ഡി)യിലേക്ക് ഒരു സഹമന്ത്രിയെ അയക്കണമെന്നാണ് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തര കൊറിയയുടെ പ്രതിരോധ മന്ത്രാലയമായ പീപ്പിള്‍സ് ആംഡ് ഫോഴ്‌സ് വൃത്തങ്ങള്‍ക്കാണ് ക്ഷണക്കത്ത് കൈമാറിയിട്ടുള്ളതെന്ന് യോന്‍ഹാപ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും ഉത്തര കൊറിയന്‍ മന്ത്രിയെ യോഗത്തിനുക്ഷണിച്ച ദക്ഷിണ കൊറിയന്‍ പ്രതിരോധ സഹമന്ത്രി ബീക്ക് സിയങ് ജൂവിന്റെ നടപടി അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ ഉത്തരകൊറിയയുടെ പ്രതികരണം അറിവായിട്ടില്ല. 2012 മുതല്‍ നടന്നുവരുന്ന അന്താരാഷ്ട്ര സുരക്ഷാ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയക്ക് ആദ്യമായാണ് ക്ഷണം ലഭിക്കുന്നത്.

യു എസ്, ചൈന, ജപ്പാന്‍, റഷ്യ എന്നിവയടക്കം 33 രാജ്യങ്ങളാണ് സംവാദ സംഗമത്തില്‍ പങ്കെടുക്കുന്നത്. ഇവരെല്ലാം തങ്ങളുടെ പ്രതിരോധ സഹമന്ത്രിമാരെയാണ് അയക്കാറുള്ളത്. സമാധാനം, സുരക്ഷ, തീവ്രവാദം തുടങ്ങിയ നിരവധി ആഗോള പ്രാധാന്യമുള്ള വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. യു എസ് – ദക്ഷിണ കൊറിയന്‍ സംയുക്ത സൈനിക അഭ്യാസപ്രകടനങ്ങള്‍ക്കിടെ ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണങ്ങള്‍ പുതിയ സംഘര്‍ഷത്തിന് നാന്ദിയാകുമെന്ന് ആശങ്കപ്പെട്ടിരുന്നു.

തങ്ങളുടെ രാജ്യത്തെ മനുഷ്യാവകാശലംഘനങ്ങള്‍ പഠിക്കാന്‍ സിയൂളില്‍ ഐക്യരാഷ്ട്ര സഭ ഓഫീസ് തുറന്നത് ഉത്തര കൊറിയയെയും ചൊടിപ്പിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.