1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2017

സ്വന്തം ലേഖകന്‍: യുഎസിന്റെ ഭീഷണിയും യുഎന്നിന്റെ ഉപരോധവും കാറ്റില്‍ പറത്തി ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം വീണ്ടും. പുക്ചാങ് പ്രവിശ്യയിലായിരുന്നു പുതിയ മദ്ധ്യദൂര ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണം. ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയ വിവരം ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ലോക രാജ്യങ്ങളുടെ എതിര്‍പ്പും ജപ്പാന്‍ കടലിലില്‍ അമേരിക്കയുടെ സൈനിക വിന്യാസത്തിനുമിടയിലാണ് ഉത്തര കൊറിയയുടെ പുതിയ മിസൈല്‍ പരീക്ഷണം.

പ്രാദേശിക സമയം ഉച്ചയോടെ പടിഞ്ഞാറന്‍ പ്രദേശമായ പുക്ചാങില്‍ വെച്ചായിരുന്നു മിസൈല്‍ പരീക്ഷിച്ചത്. 500 കിലോമീറ്റര്‍ ദൂരം പോയ മിസൈല്‍ പിന്നീട് കടലില്‍ പതിച്ചതായി ദക്ഷിണ കൊറിയന്‍ സൈനിക കേന്ദ്രം അറിയിച്ചു. ഇക്കാര്യം അമേരിക്കയും സ്ഥീരികരിച്ചിട്ടുണ്ട്. നേരത്തെ പരീക്ഷണം നടത്തിയ മിസൈലുകളെ കാള്‍ ശക്തി കുറഞ്ഞ മിസൈലായിരുന്നു ഇന്നേത്തേതെന്ന് അമേരിക്ക അവകാശപ്പെട്ടു.

മിസൈല്‍ പരീക്ഷണത്തെ ശക്തമായ ഭാഷയില്‍ ജപ്പാന്‍ അപലപിച്ചു. കഴിഞ്ഞയാഴ്ചയും ഉത്തര കൊറിയ ആണവ മിസൈല്‍ പരീക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി തിങ്കളാഴ്ച ഉത്തരബ്‌കൊറിയയ്ക്ക് മുന്നറിയിപ്പും നല്‍കി. ഇത് അവഗണിച്ചാണ് പുതിയ മിസൈല്‍ പരീക്ഷണം.

ഐക്യരാഷ്ട്രസഭയുടെ നിരോധനം നിലനില്‍ക്കെ, ഇക്കൊല്ലം ഒട്ടേറെ മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തര കൊറിയ നടത്തിയിരുന്നു. ഇതില്‍ അണ്വായുധ മിസൈലുകളും ഉള്‍പ്പെടും. ഇതേത്തുടര്‍ന്ന് ഉത്തര കൊറിയയ്ക്കുമേല്‍ സൈനികനടപടിക്ക് യു.എസ്. തയ്യാറെടുത്തിരുന്നു. ഇരുരാജ്യങ്ങളുടെയും പോര്‍വിളി ഈ മേഖലയിലെ സംഘര്‍ഷം വര്‍ധിപ്പിക്കുകയും ചെയ്തു. പുതിയ മിസൈല്‍ പരീക്ഷണം എരിതീയില്‍ എണ്ണ പകരുമെന്നാണ് കരുതപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.