1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2018

സ്വന്തം ലേഖകന്‍: സാമ്പത്തിക ഉപരോധം അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തര കൊറിയ ആണവ മിസൈലുകളുടെ നിര്‍മാണം വീണ്ടും; ഭീഷണി മുഴക്കി കിം ജോങ് ഉന്‍. യുഎസിന്റെ ഭാഗത്തു നിന്ന് കൃത്യമായ മറുപടിയുണ്ടായില്ലെങ്കില്‍ ആയുധ നിര്‍മാണം സംബന്ധിച്ച പഴയ നയത്തിലേക്കു തിരികെപ്പോകുന്ന കാര്യം പ്രാധാന്യത്തോടെ നടപ്പാക്കുമെന്നും ഉത്തര കൊറിയന്‍ നേതാവ് വ്യക്തമാക്കി.

സാമ്പത്തിക വികസന പ്രക്രിയകള്‍ക്കൊപ്പം ആണവായുധ മേഖലയിലും പുരോഗതി കൈവരിക്കുകയെന്ന നയമായിരുന്നു ഉത്തരകൊറിയയില്‍ പ്രയോഗത്തിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ അതിനു മാറ്റം വന്നു. കൊറിയന്‍ പെനിന്‍സുലയില്‍ സമാധാനം ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള പ്രഖ്യാപനമാണു കിം നടത്തിയത്. ആണവ ‘കൊതി’ തീര്‍ന്നു. ഇനി രാജ്യത്തിന്റെ സാമൂഹിക–സാമ്പത്തിക വികസനമാണു ലക്ഷ്യം എന്നായിരുന്നു കിമ്മിന്റെ പ്രസ്താവന.

എന്നാല്‍ ഈ തീരുമാനം മാറ്റി വീണ്ടും പഴയ കാലത്തേക്കു തിരിച്ചു പോകുമെന്നാണ് ഉത്തരകൊറിയന്‍! വിദേശകാര്യ മന്ത്രാലയത്തിന്റേതായി കെസിഎന്‍എ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ട്. ജൂണില്‍ സിംഗപ്പുരില്‍ നടന്ന ഉച്ചകോടിയില്‍ കിമ്മും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തിയിരുന്നു. ആണവനിരായുധീകരണം സംബന്ധിച്ച വാക്കാലുള്ള ഉറപ്പും കിം അവിടെവച്ചു നല്‍കി. ഇതിന്റെ ഭാഗമായി പ്രധാന മിസൈല്‍ കേന്ദ്രമുള്‍പ്പെടെ ഉത്തരകൊറിയ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

അതിനിടെ ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ കാനല്‍ ഉത്തരകൊറിയ സന്ദര്‍ശിച്ചത് യുഎസ് സംശയത്തോടെയാണു കാണുന്നത്. സന്ദര്‍ശനത്തെ ‘ചരിത്രസംഭവം’ എന്നാണ് ഉത്തരകൊറിയ വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ‘അദൃശ്യ സൗഹൃദബന്ധ’ത്തെപ്പറ്റിയുള്ള പ്രാധാന്യം ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ എടുത്തുപറയുകയും ചെയ്തു. എന്നാല്‍ സന്ദര്‍ശനത്തെപ്പറ്റിയുള്ള കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടില്ല.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.