1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2017

സ്വന്തം ലേഖകന്‍: മുസ്ലീങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്കെതിരെ #NotInMyName പ്രതിഷേധം കത്തിപ്പിടിക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ തുടങ്ങിവെച്ച നോട്ട് ഇന്‍ മൈ നെയിം എന്ന ഹാഷ് ടാഗ് കാമ്പയിനാണ് ഡല്‍ഹിയലടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിനു പേരുടെ പ്രതിഷേധമായി പരിണമിച്ചത്. വിവിധ നഗരങ്ങളില്‍ ആയിരങ്ങള്‍ പാര്‍ട്ടികളുടെയോ സംഘടനകളുടെയോ കൊടികളും ബാനറുകളുമില്ലാതെ ഒരുമിച്ച് കൂടി പ്രതിഷേധിച്ചു.

ബീഫ് കഴിക്കുന്നവന്‍, പാകിസ്താനി തുടങ്ങിയ അധിക്ഷേപങ്ങള്‍ നടത്തി ഡല്‍ഹി മഥുര ട്രെയിനില്‍ ജുനൈദ് എന്ന 16 കാരന്‍ വ്യാഴാഴ്ച ഫാഷിസ്റ്റ് തേര്‍വാഴ്ചക്ക് ഇരയായതോടെ സിനിമ സംവിധായക സാബ ദിവാനാണ് ‘നോട്ട് ഇന്‍ മൈ നെയിം’ ഹാഷ് ടാഗ് കാമ്പയിന് തുടക്കമിട്ടത്. മണിക്കൂറുകള്‍ക്കകം ഇത് വൈറലാകുകയും ലക്ഷക്കണക്കിനു പേര്‍ കാമ്പയിനു വേണ്ടി അണിനിരക്കുകയുമായിരുന്നു.

ഡല്‍ഹി ജന്തര്‍മന്തറില്‍ നടന്ന ഫാഷിസ്റ്റ് വിരുദ്ധ പ്രതിഷേധ സംഗമത്തില്‍ ജുനൈദിന്റെ സഹോദരന്മാര്‍, അഖ്‌ലാഖിന്റെയും പെഹ്‌ലുഖാന്റെയും മക്കള്‍, നജീബിന്റെ സഹോദരി തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു. ഫാഷിസ്റ്റ് ഭീകരതക്കെതിരെ മുദ്രാവാക്യമുയര്‍ത്തിയും പാടിയും നടന്ന ചടങ്ങില്‍ സാബ ദിവാന്‍, ഗൗഹര്‍ റാസ തുടങ്ങിയവരും തുടങ്ങിയവരും സംസാരിച്ചു. മതത്തിന്റെ പേരില്‍ ആള്‍ക്കൂട്ടം നടത്തുന്ന കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമെതിരായ വികാരമാണ് കാമ്പയിന്‍ ജനങ്ങള്‍ ഏറ്റെടുത്തതിലൂടെ പ്രകടമായതെന്ന് സാബാ ദിവാന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളിലൊന്നാണ് ജീവിക്കാനുള്ള അവകാശം. അതുപോലും രാജ്യത്തെ മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും ലഭിക്കുന്നില്ല. ജനങ്ങളെ സംരക്ഷിക്കേണ്ട ഭരണകൂടത്തിന്റെ മൗനത്തെ തകര്‍ക്കാന്‍ ഇത്തരം പ്രതിഷേധങ്ങള്‍ക്കാവുമെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിക്കു പുറമെ കൊല്‍ക്കത്ത, ബംഗളൂരു, കൊച്ചി, തിരുവനന്തപുരം, ഹൈദരാബാദ്, മുംബൈ, പുണെ, ചെന്നൈ, ലഖ്‌നോ, പട്‌ന, ചണ്ഡിഗഢ് തുടങ്ങിയ സ്ഥലങ്ങളിലും ലണ്ടനിലും ബുധനാഴ്ച പ്രതിഷേധവുമായി ജനങ്ങള്‍ ഒത്തുകൂടി.

മുംബൈയില്‍ നടി കൊങ്കണ സെന്‍, പത്രപ്രവര്‍ത്തകയും ഗ്രന്ഥകാരിയുമായ റാണ അയൂബ്, മറാത്തി എഴുത്തുകാരന്‍ സഞ്ജീവ് ഖണ്ഡേക്കര്‍ തുടങ്ങിയ പ്രമുഖര്‍ പെങ്കടുത്തു. ഹിന്ദുത്വ ഭീകരത, ബ്രാഹ്മണിസം എന്നിവക്കെതിരെ പ്ലക്കാര്‍ഡുകളേന്തിയും പാടിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയുമായിരുന്നു പ്രതിഷേധം. ടൊന്റോ, ബോസ്റ്റണ്‍ തുടങ്ങിയ നഗരങ്ങളിലും വരും ദിവസങ്ങളില്‍ നോട്ട് ഇന്‍ മൈ നെയിം പ്രതിഷേധ സംഗമങ്ങള്‍ നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.