1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2017

സ്വന്തം ലേഖകന്‍: നോട്ടിംഗ്ഹാം മോട്ടോര്‍വേ വാഹനാപകടത്തില്‍ മരിച്ച ബെന്നിയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുവരും, നിറമിഴികളോടെ യാത്രാമൊഴി നല്‍കി യുകെ മലയാളികള്‍. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ മലയാളികള്‍ കഴിഞ്ഞ ദിവസം ബെന്നിക്ക് അന്ത്യഞ്ജലി അര്‍പ്പിച്ചു. നോട്ടിങ്ങാമിലെ ഗുഡ് ഷെപ്പേര്‍ഡ് പള്ളിയിലെത്തിച്ച ബെന്നിയുടെ മൃതദേഹം ചടങ്ങുകള്‍ക്കുശേഷം ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് തിരികെ വാങ്ങി.

ഞായറാഴ നാട്ടിലേക്ക് അയയ്ക്കുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ നെടുമ്പാശേരിയിലെത്തും. വൈകിട്ട് മാതൃഇടവകയായ ചേര്‍പ്പുങ്കല്‍ ഉണ്ണിമിശിഹാ പള്ളിയിലെ കുടുംബകല്ലറയില്‍ സംസ്‌കരിക്കും.ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തില്‍ എത്തിയ ഫ്യൂണറല്‍ ഡയറക്ടേഴ്‌സില്‍ നിന്നും സെന്റ് അല്‍ഫോന്‍സ് സീറോ മലബാര്‍ സഭാ വികാരി ബഹു. ഫാ. ബിജു കുന്നക്കാട്ട്, വികാരി ജനറാള്‍ സജി മലയില്‍, സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ എന്നിവര്‍ ചേര്‍ന്ന് ബെന്നിയുടെ ഭൗതീക ശരീരം ഏറ്റുവാങ്ങി.

തുടര്‍ന്ന് പരേതനുവേണ്ടി ദിവ്യബലിയും മറ്റു പ്രാര്‍ത്ഥനകളും നടത്തി. അപകടത്തില്‍ മരണമടഞ്ഞ മറ്റു ഏഴു പേര്‍ക്കുവേണ്ടിയും അനുസ്മരണ പ്രാര്‍ത്ഥന നടത്തി. തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് പ്രാരംഭ പ്രാര്‍ത്ഥനകളോടെ ചേര്‍പ്പുങ്കല്‍ ഇടവകയിലെ വീട്ടില്‍ വച്ച് മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. വീട്ടിലും ദേവാലയത്തിലുമുള്ള പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മൃതദേഹം പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കും.

ബെന്നിയുടെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെനീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. നോട്ടിംഗ്ഹാമിന്റെ മത സാമൂഹികസംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ബെന്നിയോടുള്ള ആദരസൂചകമായി നോട്ടിംഗ്ഹാം രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, ബെന്നിയുടെ സുഹൃത്തുക്കളായ അഡ്വ. ജോബി പുതുക്കുളങ്ങര, മിസ്റ്റര്‍ & മിസ്സിസ് സോയിമോന്‍ ജോസഫ് എന്നിവരും മൃതസംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കുവാനായി നാട്ടിലേക്ക് പോകുന്നുണ്ട്.

നോട്ടിംഗ്ഹാം നിവാസിയായിരുന്ന സിറിയക് ജോസഫ് എന്ന ബെന്നി എബിസി ട്രാവല്‍സ് എന്ന പേരില്‍ മിനി ബസ് സര്‍വ്വീസ് നടത്തിവരികയായിരുന്നു. കഴിഞ്ഞ 26 ന് നോട്ടിംഗ്ഹാമില്‍ നിന്നും ലണ്ടനിലേക്ക് പതിനൊന്ന് യാത്രക്കാരുമായി യാത്ര ചെയ്യുമ്പോഴാണ് ബെന്നിയുടെ വാനില്‍ ഒരു ലോറിയിടിച്ചതും ബെന്നിയുടേയും ഏഴ് സഹയാത്രികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതും. ദുരന്തത്തില്‍ മരണമടഞ്ഞ ബാക്കിയുള്ളവരുടെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയായി വരുന്നതയാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.