1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2018

സ്വന്തം ലേഖകന്‍: സംസ്ഥാനത്തെ പനി മരണങ്ങള്‍ക്കു പിന്നില്‍ നിപാ വൈറസാണെന്ന് സ്ഥിരീകരിച്ചതോടെ എന്താണ് നിപാ വൈറസ് എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. മരിച്ചവരുടെ എണ്ണം പത്തു കടന്നതോടെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കൂടാതെ നിപാ വൈറസ് ബാധയെ തുടര്‍ന്ന കോഴിക്കോട് ചങ്ങരോത്ത് മുന്നു പേര്‍ മരിച്ച വീട്ടിലും പരിസരത്തും കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നുണ്ട്.

ഒരു കുടുംബത്തിലെ മുന്നുപേര്‍ പനി ബാധിച്ച് മരിച്ചതോടെയാണ് വൈറസ് ബാധയെക്കുറിച്ച് സംസ്ഥാനം ചിന്തിച്ചു തുടങ്ങിയത്. മരിച്ചവരുടെ രക്തസാമ്പിളുകള് പരിശോധന നടത്തിയാണ് പനിക്ക് കാരണം നിപാ വൈറസാണെന്ന് സ്ഥിരീകരിച്ചത്. നാദാപുരം ചെക്കിയാട്, കോഴിക്കോട് നഗരത്തിനടുത്തുള്ള പാലാഴി എന്നിവിടങ്ങളിലും സമാനമായ രോഗലക്ഷണങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു.

അതിനിടെ പനി ബാധിച്ച് മരിച്ച സാബിത്തിനെ പരിചരിച്ച നഴ്‌സ് ലിനിയും മരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി. വൈറസ് പടരാതിരിക്കാനുള്ള മുന്കരുതലിന്റെ ഭാഗമായി ലിനിയുടെ മൃതദേഹം ബന്ധുക്കള്ക്ക് വിട്ടു നല്‍കാതെ ആശുപത്രി വളപ്പില് സംസ്‌കരിച്ചു.

വവ്വാലുകളില്‍ നിന്ന് പകരുന്ന ഒരു തരം വൈറസാണ് നിപാ. ഹെനിപാ വൈറസ് ജീനസില്‍പ്പെട്ട ഈ വൈറസ് ആദ്യമായി വേര്‍തിരിച്ചെടുത്തത്ത് Kampung Baru Sungai Nipah എന്ന രോഗിയില്‍ നിന്നായതിനാലാണ് ഈ പേര് ലഭിച്ചത്. പാരാമിക്‌സോവൈറിഡേ ഫാമിലിയിലെ അംഗമായ ആര്‍എന്‍എ വൈറസ് ആണിത്. വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക, കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക, പഴങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകിയ ശേഷം മാത്രം കഴിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദരും മുന്നറിയിപ്പ് നല്‍കുന്നു.

നിപാ വൈറസ് മൂലം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ബംഗ്ലാദേശിലാണ്. 2001ന് ശേഷമുള്ള കണക്കനുസരിച്ച് 150 ലേറെ പേരാണ് ബംഗ്ലാദേശിലും സമീപ സ്ഥലങ്ങളിലും മരിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരത്തിലൊരു പനി ഇത് ആദ്യമായാണ്. പനി ബാധിച്ച് രണ്ട് ദിവസം കൊണ്ട് തന്നെ അബോധാവസ്ഥയിലാവുകയും വൈകാതെ മരണപ്പെടുകയും ചെയ്യും എന്നതാണ് ഈ വൈറസ് പനിബാധയുടെ പ്രത്യേകത.

അതിനാല്‍ തന്നെ ചികിത്സയ്ക്കയി വളരെകുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളൂ. മാത്രമല്ല, ഈ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിനുകള്‍ ഇതുവരെ കണ്ടെത്തിയിട്ടുമില്ല. വവ്വാല്‍ കടിച്ച പഴങ്ങളില്‍ നിന്നും വവാലിന്റെ കാഷ്ടത്തില്‍ നിന്നുമാണ് വൈറസ് പടരുന്നത്. മനുഷ്യനിലേക്ക് ഈ വൈറസ് കയറിയാല്‍ ഏകദേശം ഏഴു മുതല്‍ 14 ദിവസം വരെ ഇന്‍ക്യുബേഷന്‍ ഉണ്ടാകാം.

മൂക്കൊലിപ്പ്, പനി, ശരീര വേദന, ഓക്കാനം, കണ്ണുകള്‍ക്ക് കനം അനുഭവപ്പെടുക, കഴുത്ത് വേദന, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍,രണ്ട് ദിവസം കൊണ്ട് വൈറസ് തലച്ചോറിനെ ബാധിക്കുകയും മസ്തിഷ്‌ക ജ്വരം ഉണ്ടാവുകയും ചെയ്യുന്നു. രോഗി ഉടനടി മരിക്കുകയും ചെയ്യുന്നു. മസ്തിഷ്‌കജ്വരത്തെ തുടര്‍ന്നുണ്ടാകുന്ന ഹാര്‍ട്ട് ഫെയിലിയറും (കാര്‍ഡിയോ മയോപതി) മരണത്തിന് കാരണമാകാം.

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തില്‍ ഉള്ളിലെത്തുമ്പോഴാണ് അസുഖം ഉണ്ടാകുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക എന്നതാണ് പ്രാഥമികമായി ചെയ്യാനുള്ളത്. രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക,രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കണം.

നിപാ വൈസ് ബാധ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. വായുവിലൂടെ പരക്കുന്ന രോഗമല്ല ഇത്. അതിനാല്‍ ജനങ്ങള്‍ ഭയചകിതരാകേണ്ടതില്ല. രോഗബാധിതരുടെ സ്രവങ്ങളിലൂടെയാണ് രോഗം പകരുക. അതിനാല്‍ രോഗം സംശയിക്കുന്നവരെ നിരന്തരം നിരീക്ഷിക്കുകയും അവരെ പരിചരിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും വേണം.

വവ്വാലുകളില്‍ നിന്നാല്ലാതെ മറ്റ് ക്ഷുദ്രജീവികളിലൂടെ രോഗം പകരുമെന്ന് ഇതു വരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. രോഗബാധിതര്‍ക്ക് പെട്ടെന്ന് രോഗം ശമിപ്പിക്കുന്നതിന് നല്‍കാന്‍ മരുന്നില്ല. ലോകത്താകമാനം മരുന്നിന്റെ അഭാവമുണ്ട്. എന്നാലും കിട്ടാവുന്നിടത്തു നിന്നെല്ലാം മരുന്നുകളെത്തിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.