1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2021

സ്വന്തം ലേഖകൻ: ലോകത്ത് അണ്വായുധങ്ങൾ നിരോധിക്കാനുള്ള ആദ്യത്തെ ഉടമ്പടി പ്രാബല്യത്തിൽ വന്നു. ലോകത്തെ മാരകായുധങ്ങളിൽ നിന്ന് മോചിപ്പിക്കാനുള്ള ചരിത്രപരമായ നടപടിയാണിതെന്ന് യുഎൻ വക്താക്കൾ പ്രശംസിച്ചെങ്കിലും ലോകോത്തര ശക്തികളായ, ആണവായുധം കൈവശമുള്ള രാജ്യങ്ങൾ ശക്തമായി എതിർത്തു.

അണ്വായുധ നിരോധനത്തിനുള്ള ഉടമ്പടി ഇപ്പോൾ രാജ്യാന്തര നിയമത്തിന്റെ ഭാഗമാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ ഹിരോഷിമയിലും നാഗസാക്കിയിലും യുഎസ് അണുബോംബാക്രമണങ്ങൾ നടത്തി. ഇത് ആവർത്തിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ പതിറ്റാണ്ടുകളായി നടന്ന പ്രചാരണത്തിന്റെ പരിസമാപ്തിയാണ് ഇപ്പോൾ ഉടമ്പടിയിലൂടെ നടന്നിരിക്കുന്നത്.

എന്നാൽ, അത്തരം ആയുധങ്ങൾ ഒരിക്കലും സ്വന്തമാക്കരുതെന്ന് ആവശ്യപ്പെടുന്ന ഉടമ്പടി എല്ലാ രാജ്യങ്ങളും അംഗീകരിക്കുകയെന്നത് നിലവിലെ ആഗോള കാലാവസ്ഥയിൽ ഭയാനകമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഈ ഉടമ്പടി 2017 ജൂലൈയിൽ യുഎൻ പൊതുസഭ അംഗീകരിച്ചപ്പോൾ 120 ലധികം പേർ പിന്തുണച്ചിരുന്നു.

അണ്വായുധങ്ങൾ ഉണ്ടെന്ന് അകാശപ്പെടുന്ന, വിശ്വസിക്കുന്ന ഒമ്പത് രാജ്യങ്ങളിൽ ഒന്നും തന്നെ ഉടമ്പടിയെ പിന്തുണച്ചില്ല. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ചൈന, ഫ്രാൻസ്, ഇന്ത്യ, പാക്കിസ്ഥാൻ, ഉത്തര കൊറിയ, ഇസ്രയേൽ എന്നിവർ വിട്ടുനിന്നു. 30 രാജ്യങ്ങളുള്ള നാറ്റോ സഖ്യവും പിന്തുണച്ചില്ല.

ആണവ ആക്രമണം നേരിട്ട ലോകത്തിലെ ഏക രാജ്യമായ ജപ്പാനും ഈ കരാറിനെ പിന്തുണയ്ക്കുന്നില്ല. ജപ്പാൻ സ്വന്തമായി ആണവായുധങ്ങൾ നിര്‍മിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ല. എന്നാൽ, കരാർ നിരോധനം പിന്തുടരുന്നത് ആണവ, ആണവ ഇതര രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുമെന്നതിനാലായിരിക്കും ജപ്പാൻ വിട്ടുനിന്നത്.

കരാർ അംഗീകരിക്കുന്ന എല്ലാ രാജ്യങ്ങളും ഒരിക്കലും ഒരു സാഹചര്യത്തിലും … അണ്വായുധങ്ങൾ വികസിപ്പിക്കുകയോ പരീക്ഷിക്കുകയോ ഉത്പാദിപ്പിക്കുകയോ ചെയ്യാൻ പാടില്ല. മറ്റ് ന്യൂക്ലിയർ സ്ഫോടകവസ്തുക്കൾ കൈവശം വയ്ക്കാനും അനുമതിയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.