1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2018

സ്വന്തം ലേഖകന്‍: ഫ്രാങ്കോ മുളയ്ക്കല്‍ 14 ദിവസത്തേക്ക് റിമാന്‍ഡില്‍; താമസം പാലാ സബ് ജയിലില്‍ സാധാരണ പ്രതികള്‍ക്കൊപ്പം. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ ആറ് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് പാലാ ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലേക്ക് അയക്കും.

രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ ബിഷപ്പിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതിയില്‍ ബിഷപ്പും അഭിഭാഷകനും പരാതികള്‍ ഉന്നയിച്ചിരുന്നു. ക്രീം കളര്‍ പൈജാമയും ഷര്‍ട്ടും കുറവിലങ്ങാട് തെളിവെടുപ്പിന് കൊണ്ടു പോകുന്നതിന് മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ബിഷപ്പ് ആരോപിച്ചത്. ഇത് നിയമവിരുദ്ധമെന്ന് ഫ്രാങ്കോയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ആരോഗ്യ പ്രശ്‌നങ്ങളില്‍ ആശങ്കയുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. റിമാന്‍ഡില്‍ വിട്ട ബിഷപ്പിനെ പാലാ സബ്ജയിലിലേക്കായിരിക്കും കൊണ്ടുപോകുക. കേസ് പ്രത്യേക താല്‍പ്പര്യത്തോടെ കെട്ടി ചമച്ചതാണെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നുണ്ട്. നിരപരാധിയാണ്, പരാതി കെട്ടിച്ചമച്ചതാണ്. കന്യാസ്ത്രീ ആദ്യം നല്‍കിയ പരാതിയില്‍ ലൈംഗിക പീഡനം ഇല്ലായിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നു.

ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നു പാലാ സബ് ജയിലിലേക്ക് മാറ്റി. ജയിലിലെ മൂന്നാം നമ്പര്‍ സെല്ലാണ് ബിഷപ്പിനു അനുവദിച്ചത്. സി ക്ലാസ് ജയില്‍ ആയതിനാല്‍ ഫ്രാങ്കോ മുളയ്ക്കലിനു കട്ടില്‍ ലഭിക്കില്ല, പകരം പായ് വിരിച്ചു നിലത്തു കിടക്കേണ്ടിവരും. നിലവില്‍ രണ്ടു പെറ്റിക്കേസ് പ്രതികളാണ് മൂന്നാം നമ്പര്‍ സെല്ലിലുള്ളത്. കോടതി നടപടികള്‍ക്ക് ശേഷം കനത്ത സുരക്ഷയില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബിഷപ്പ് ഫ്രാങ്കോയെ സബ് ജയിലില്‍ എത്തിച്ചത്. ബിഷപ്പിനെ കൊണ്ടുവരുന്നതു കാണാന്‍ വന്‍ ജനക്കൂട്ടമാണ് ജയില്‍ പരിസരത്ത് എത്തിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.