1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2016

സ്വന്തം ലേഖകന്‍: നഴ്‌സ് ക്രൂര ബലാത്സംഗത്തിന് ഇരയായതായി സമൂഹ മാധ്യമങ്ങളില്‍ ആരോപണവും പരാതിയും, തിരിച്ച് പരാതി നല്‍കി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. പോരാളി ഷാജി എന്ന ഫേസ്ബുക് പേജിലൂടെ പീഡന വാര്‍ത്ത പ്രചരിച്ചതായി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അധികൃതര്‍ കഴിഞ്ഞ ദിവസം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, സമൂഹ മാധ്യമങ്ങളില്‍ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണം എന്നുള്ള ആവശ്യം ശക്തമാകുകയാണ്.

പൊലീസ് സ്വമേധയാ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കൂട്ടപരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് സമൂഹ മാധ്യമങ്ങളിലെ വിമര്‍ശകര്‍. നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നേറ്റോക്ക് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി.
അന്വേഷണം ആവശ്യപ്പെട്ട് ആര്‍.എം.പി നേതാവ് കെ.കെ. രമ ഡി.ജി.പി, ആരോഗ്യമന്ത്രി കെ.കെ. ശൈലജ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

എന്നാല്‍, ഔദ്യോഗിക പരാതി ലഭ്യമാകാത്ത സ്ഥിതിക്ക് അന്വേഷിക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്. ആശുപത്രിയില്‍ പുതുതായി ജോലിക്കു ചേര്‍ന്ന നഴ്‌സ് ജോലി കഴിഞ്ഞ് ക്വാര്‍ട്ടേഴ്‌സിലേക്ക് പോകും വഴി റെയില്‍വേ ട്രാക്കിനടുത്തുവച്ച് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്നാണ് വാര്‍ത്ത പ്രചരിച്ചത്. ഗുരുതര പരിക്കേറ്റ യുവതിയെ രഹസ്യമായി ചികിത്സിക്കുകയാണെന്നും സംഭവം പുറത്തറിഞ്ഞാല്‍ ആശുപത്രിക്ക് നാണക്കേടുണ്ടാകുമെന്ന കാരണത്താലാണ് വാര്‍ത്ത പുറത്തുവിടാത്തതെന്നും ആരോപണമുണ്ട്.

മേയ് 31 നോ ഈ മാസം ഒന്നിനോ ആണ് സംഭവം നടന്നതെന്നും ആരോപണത്തില്‍ പറയുന്നു. യുവതിയുടെ കുടുംബത്തെ ആശുപത്രി അധികൃതര്‍ സ്വാധീനിച്ചാണ് രഹസ്യമാക്കി വെക്കാന്‍ ശ്രമിക്കുന്നതെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിനിരയായ പെണ്‍കുട്ടി തങ്ങളുടെ അസോസിയേഷന്‍ അംഗമല്ലെന്നും അവരുടെ പേരു വിവരം ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ലെന്നും അമൃതയിലെ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, മാനഭംഗത്തിന് ഇരയായതായി പറയപ്പെടുന്ന പെണ്‍കുട്ടിയുടെയോ വീട്ടുകാരുടെയോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.