1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2017

സ്വന്തം ലേഖകന്‍: നഴ്‌സിംഗ് വിദ്യാര്‍ഥികളെ നിയോഗിച്ച് നഴ്‌സുമാരുടെ സമരത്തെ നേരിടാന്‍ നീക്കം, ജോലിക്കു കയറാതെ നഴ്‌സുമാര്‍ക്ക് പിന്തുണയുമായി വിദ്യാര്‍ഥികള്‍, കണ്ണൂരും കാസര്‍ഗോഡും സമരം ശക്തമാകുന്നു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം നടത്തുന്ന സാഹചര്യത്തില്‍ പകരം ഡ്യൂട്ടി നോക്കുന്നതിന് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ ഏല്പിക്കാനുള്ള കണ്ണൂര്‍ ജില്ലാ കലക്ടറുടെ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം.

കലക്ടറുടെ ഉത്തരവില്‍ പ്രതിഷേധിച്ച് പരിയാരം മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു. സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് കയറാന്‍ കഴിയില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. ആശുപത്രിക്കു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം അറിയിച്ചത്. നഴ്‌സുമാര്‍ക്ക് പിന്തുണയുമായി വിദ്യാര്‍ത്ഥികളും എത്തിയതോടെ നഴ്‌സിംഗ് സമരത്തെ നേരിടാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കവും പൊളിഞ്ഞു.

ജില്ലയില്‍ സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിലേക്ക് പത്ത് വീതം നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് അയക്കാന്‍ ഞായറാഴ്ച രാത്രിയാണ് കലക്ടര്‍ ഉത്തരവിറക്കിയത്. ഒന്നാം വര്‍ഷക്കാര്‍ ഒഴികെയുള്ള വിദ്യാര്‍ത്ഥികളെ അയക്കാനായിരുന്നു നിര്‍ദേശം. അഞ്ച് ദിവസത്തേക്കാണ് കലക്ടര്‍ നിര്‍ദേശിച്ചിരുന്നത്. യാത്രാ ചെലവിനും ഭക്ഷണത്തിനുമായി വിദ്യാര്‍ത്ഥികള്‍ക്കുമായി 150 രൂപ ദിവസവും നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

ഇതുപ്രകാരം ജില്ലയിലെ ഒന്‍പത് ആശുപത്രികളിലേക്ക് വിദ്യാര്‍ത്ഥികളെ നിയോഗിച്ചിരുന്നു. ആശുപത്രിയില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ ജോലിക്ക് തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ പോലീസ് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. ആശുപത്രികളുടെ പരിസരത്ത് പോലീസും തമ്പടിച്ചിരുന്നു. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സമരം നടക്കുന്നത്. ഇവര്‍ക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ യുവജന സംഘടനകളും രംഗത്തുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.