1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2018

സ്വന്തം ലേഖകന്‍: കെ.വി.എം ആശുപത്രി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാതെ പിന്നോട്ടില്ല; സഹകരണ, സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കുമായി മുന്നോട്ട്. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്കുന്നത്. ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ക്കുക, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കുക, പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അരലക്ഷം നേഴ്‌സുമാര്‍ പണിമുടക്കുന്നത്.

വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക്ആരംഭിക്കുന്നതിനുള്ള നോട്ടീസ് നല്‍കുമെന്ന് സംഘടന ഭാരവാഹികള്‍ വ്യക്തമാക്കി. മിനിമം വേതനം നല്‍കുക, സമരത്തിന്റെ പേരില്‍ പുറത്താക്കിയ നഴ്‌സുമാരെ തിരിച്ചെടുക്കുക, അമിതജോലി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 179 ദിവസമായി കെ. വി. എം ആശുപത്രിക്ക് മുന്നില്‍ നഴ്‌സുമാര്‍ സമരം നടത്തുകയാണ്. എന്നാല്‍ യാതൊരു ഒത്തുതീര്‍പ്പിനും വഴങ്ങാതെ ആശുപത്രി അധികൃതര്‍ തുടരുകയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

അതേസമയം ജോലിയില്‍ പ്രവേശിക്കാത്ത നഴ്‌സുമാരുടെ എണ്ണം സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ട്. ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ വിവരം ശേഖരിക്കണമെന്ന് തൊഴില്‍ വകുപ്പ് അറിയിച്ചു. നിരാഹാര സമരം അനുഷ്ഠിക്കുന്ന യു.എന്‍.എ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന് ഐക്യദാര്‍ഢ്യവുമായി പണിമുടക്കുന്ന നഴ്‌സുമാര്‍ ചേര്‍ത്തലയിലെ സമരപന്തലില്‍ സംഗമിക്കും. നിരാഹാര സമരം ചൊവ്വാഴ്ച ആറ് ദിവസം പിന്നിട്ടതോടെ സുജനപാലിന്റെ ആരോഗ്യം കൂടുതല്‍ മോശമായിരിക്കുകയാണ്. ജില്ല ഭരണകൂടമോ, ആരോഗ്യ വകുപ്പ് അധികൃതരോ സുജനപാലിനെ പരിശോധിക്കാനെത്തിയിട്ടില്ല.

നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ നടപടികള്‍ വൈകുകയും സര്‍ക്കാറിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധ മാറിപ്പോവുകയും ചെയ്തതോടെയാണ് സംസ്ഥാനതലത്തില്‍ പണിമുടക്ക് നടത്തുന്നത്. ഞായറാഴ്ച യു.എന്‍.എ നടത്തിയ പ്രക്ഷോഭത്തിന് നേരെ പൊലീസ് അഴിച്ചുവിട്ട ക്രൂരമര്‍ദനത്തില്‍ അമ്പതിലേറെ യു.എന്‍.എ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഈ സാഹചര്യത്തിലാണ് പണിമുടക്കും ചേര്‍ത്തലയിലെ ഐക്യദാര്‍ഢ്യ സംഗമവും നടത്തുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.