1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2015

ഇന്ത്യയില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്ക് നടത്തുന്ന നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സ്വകാര്യ ഏജന്‍സികളും വ്യക്തികളും നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റേ പേരില്‍ കോടികളുടെ വെട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ സ്ഥിരമായതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കൂടെ നിര്‍ബന്ധത്തിന് വഴങ്ങി കേന്ദ്രസര്‍ക്കാര്‍ നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇനി സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമെ വിദേശ രാജ്യങ്ങളിലേക്ക് നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകള്‍ നടത്താന്‍ സാധിക്കുകയുള്ളു. ഇന്ത്യയിലോ വിദേശത്തോ ഉള്ള സ്വകാര്യ ഏജന്‍സികള്‍ക്കോ ആശുപത്രികള്‍ക്കോ ഇന്ത്യയില്‍നിന്ന് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യണമെങ്കില്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ ആദ്യം അറിയിക്കണം. സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍ മാത്രമെ ഇവര്‍ക്ക് റിക്രൂട്ട്‌മെന്റ് നടത്താന്‍ സാധിക്കു.

ഏപ്രില്‍ 30 മുതല്‍ നോര്‍ക്കാ റൂട്ട്‌സിനോ ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രമോഷ (ഒഡിഇപിസി) നോ മാത്രമെ ഇന്ത്യയില്‍നിന്ന് റിക്രൂട്ട്‌മെന്റ് നടത്താന്‍ സാധിക്കു. ഇതോടെ എന്‍എച്ച്എസ് ഉള്‍പ്പെടെ ഇന്ത്യയില്‍ എത്തി നടത്തിയിരുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവുകള്‍ അവസാനിപ്പിക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷവും എന്‍എച്ച്എസ് ആഗോള റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി കേരളത്തില്‍ വരെയെത്തി ഇന്റര്‍വ്യൂ നടത്തിയിരുന്നു.

അതേസമയം നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ ഇതോടെ സാധിക്കും. മുന്‍കാലങ്ങളില്‍ റിക്രൂട്ട് ചെയ്യപ്പെട്ട നേഴുസുമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കരിംപട്ടികയില്‍ പെടുത്തിയ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ പോലും വീണ്ടും നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നടത്തിയ സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. കോട്ടയത്തുനിന്നായിരുന്നു ഏറ്റവും ഒടുവിലായി അത്തരത്തിലൊരു വാര്‍ത്ത പുറത്തു വന്നത്. ഇത്തരത്തിലുള്ള ഗുരുതരമായ ചതികളും തട്ടിപ്പുകളും ഇല്ലാതാക്കാന്‍ പുതിയ നിയമംമൂലം സാധിക്കും.

അതേസമയം യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉന്നയിച്ചു വന്നിരുന്ന പ്രശ്‌നമായിരുന്നെന്നും ഇതിന് പരിഹാരം കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടുള്ള കള്ളക്കളികള്‍ ഇതോടെ അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.