1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2015

വെല്ലിഗ്ടണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ചരിത്രത്തിലാദ്യമായി ഫൈനലില്‍. അത്യന്തം ആവേശകരമായ മത്സരത്തില്‍ നാല് വിക്കറ്റിനാണ് കിവീസ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. നാല് തവണ കിവീസ് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കാന്‍ ലഭിച്ച അവസരം പാഴാക്കിയ ദക്ഷിണാഫ്രിക്ക അതിന് നല്‍കിയ പിഴയായിരുന്നു ഇന്നത്തെ തോല്‍വി.

മഴമൂലം 43 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 281 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ കിവീസ് മറികടക്കുകയായിരുന്നു. അവസാന രണ്ട് പന്തില്‍ അഞ്ച് റണ്‍സ് വേണ്ടിയിരുന്ന മത്സരത്തില്‍ മാത്യു എലിയട്ട് സിക്‌സറടിച്ച് കിവീസിനെ വിജയ തീരത്ത് എത്തിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ കിവീസിനുവേണ്ടി ആദ്യ പന്തില്‍ തന്നെ അടിച്ചുകളിച്ച ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലമാണ് മികച്ച അടിത്തറ നല്‍കിയത്. 26 പന്തില്‍ 59 റണ്‍സാണ് മക്കല്ലം അടിച്ചുകൂട്ടിയത്. നാല് സിക്‌സറും എട്ട് ഫോറും അടങ്ങുന്നതായിരുന്നു മക്കല്ലത്തിന്റെ ഇന്നിങ്‌സ്. 30 ഓവറിന് മുമ്പ് കിവീസ് ജയിക്കും എന്ന് തോന്നിച്ചപ്പോഴാണ് മക്കല്ലം പുറത്തായത്. മോര്‍ക്കലാണ് മക്കല്ലത്തെ പുറത്താക്കിയത്. പിന്നീടെത്തിയ കെയ്ന്‍ വില്യംസണ്‍ ആറ് റണ്‍സിന് പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 34 റണ്‍സെടുത്ത് പുറത്തായി. അഞ്ചാമത് ഇറങ്ങി 84 റണ്‍സെടുത്ത ഏലിയട്ടാണ് മാന്‍ ഓഫ് ദി മാച്ച്.

നേരത്തെ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് മത്സരം 43 ഓവറാക്കി ചുരുക്കിയത്. 18 പന്തില്‍ 49 റണ്‍സ് നേടിയ ഡേവിഡ് മില്ലറാണ് അവസാന ഓവറുകളില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോറിങ്ങിന് വേഗത കൂട്ടിയത്. ക്യാപ്റ്റന്‍ എബി ഡിവിലിയേഴ്‌സ് 45 പന്തില്‍ 65 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ന്യൂസിലന്‍ഡിനുവേണ്ടി കോറി ആന്‍ഡെഴ്‌സണ്‍ മൂന്നും ബൗള്‍ട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി. ഇന്ന് രണ്ട് വിക്കറ്റുകള്‍ കൂടി പിഴുതതോടെ ലോകകപ്പില്‍ ബൗള്‍ട്ടിന്റെ വിക്കറ്റ് നേട്ടം 21 ല്‍ എത്തി.

സിഡ്‌നിയില്‍ വ്യാഴാഴ്ച്ച നടക്കുന്ന ഇന്ത്യാ ഓസ്‌ട്രേലിയ സെമി ഫൈനലില്‍ വിജയിക്കുന്ന ടീമുമായിട്ടാകും ന്യൂസിലന്‍ഡ് മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഫൈനല്‍ കളിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.